വയനാട് ചുരത്തിൽ അടിക്കടി ഉണ്ടാകുന്ന യാത്രാ തടസ്സം വയനാടിന്റെ സാമ്പത്തിക വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിവരുന്നത്. കഴിഞ്ഞദിവസം രാത്രി ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ചുരത്തിലൂടെയുള്ള യാത്ര പൂർണമായും തടസ്സപ്പെട്ട് വയനാട് ഒറ്റപ്പെട്ട അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ഇതൊക്കെ മുൻനിർത്തിക്കൊണ്ടുതന്നെ കാലാകാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ് വയനാട് ചുരത്തിന് ഒരു ബൈപ്പാസ് എന്നത്. ചിപ്പിലിത്തോട് ഭാഗത്തുനിന്ന് തുടങ്ങി മരുതിലാവ് തളിപ്പുഴ വരെ വരുന്ന ഹെയർപിൻ വളവുകൾ ഇല്ലാത്ത താരതമ്യേന പരിസ്ഥിതി പ്രശ്നങ്ങൾ ഇല്ലാത്ത പാത ബൈപ്പാസിനായി ഉപയോഗപ്പെടുത്തേണ്ടതാണ്. മുൻകാലത്ത് ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ ബൈപ്പാസ് പഠനത്തിന് വേണ്ടി ബജറ്റിൽ പണം നീക്കി വെച്ചിരുന്നു. ഇത് പഠനവിധേയമാക്കാതെ വലിയ തോതിൽ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന തുരങ്ക പാതയ്ക്ക് വേണ്ടി കേന്ദ്ര സംസ്ഥാന ഗവൺമെൻറ് നീങ്ങുന്നത് വിരോധാഭാസമായ കാര്യമാണ്. പ്രാഥമിക പഠനത്തിൽ അനുയോജ്യമായ പാതയാണ് ചുരം ബൈപ്പാസ്. നിലവിൽ കോഴിക്കോട് മുതൽ മുത്തങ്ങ വരെ നാലുവരി പത ആക്കുന്നതിൻ്റെ ഭാഗമായി, ബത്തേരി മീനങ്ങാടി ,താമരശ്ശേരി, കൊടുവള്ളി ,കുന്നമംഗലം ബൈപ്പാസ് കൊണ്ടുവരുന്നതോടൊപ്പം ചുരത്തിന് ഒരു ബൈപ്പാസ് കൂടി വരികയാണെങ്കിൽ ഏറെക്കുറെ വയനാട്ടിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കാൻ കഴിയും. ഏറ്റവും ചിലവ് ചുരുങ്ങിയ ഈ ബൈപ്പാസ് യാഥാർത്ഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന ഗവർമെന്റുകൾ അടിയന്തരമായി ഉണർന്നു പ്രവർത്തിക്കണമെന്ന് കേരള വ്യാപാരി വ്യെവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
വയനാട് ചുരം ബൈപ്പാസ് യാഥാർത്ഥ്യമാക്കണം
