ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിൽ സുപ്രധാനമാറ്റവുമായി കേന്ദ്രം. അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് 2024 ഡിസംബർ 31-നോ അതിന് മുൻപോ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര വിഭാഗങ്ങൾക്കും പൗരത്വത്തിന് അപേക്ഷിക്കാം. പശ്ചിമ ബംഗാളിലും ബിഹാറിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രത്തിന്റെ സുപ്രധാന നീക്കം.നേരത്തെ 2014 വരെ ഇന്ത്യയിലെത്തിയവർക്കായിരുന്നു അപേക്ഷിക്കാൻ സാധിക്കുമായിരുന്നത്. ഇത് പുതുക്കി, 2024 ഡിസംബർ 31 ആക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു. ഇതോടെ, പാകിസ്താനിൽനിന്നോ അഫ്ഗാനിസ്താനിൽനിന്നോ ബംഗ്ലാദേശിൽനിന്നോ എത്തിയ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ തുടങ്ങിയവർക്ക് സാധുവായ പാസ്പോർട്ടുകളോ യാത്രാരേഖകളോ ഇല്ലാതെ രാജ്യത്ത് തുടരാമെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
2019-ൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം അയൽ രാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്ന ആറ് ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ പൗരത്വത്തിന് അപേക്ഷിക്കാൻ അനുമതിയുണ്ട്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ തുടങ്ങിയിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് പൗരത്വം ലഭിക്കുക.