നീലഗിരി ജില്ലയിലെ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിൽ പ്രതിഷേധിച്ച് ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ ഇന്ന് ഹർത്താൽ ആചരിക്കുന്നു. രാവിലെ ആരംഭിച്ച ഹർത്താൽ നാളെ രാവിലെ ആറു വരെ തുടരും. വർദ്ധിച്ചുവരുന്ന വന്യ അക്രമണങ്ങളിൽ നിന്നും ജനങ്ങൾക്ക് സുരക്ഷ ഒരുക്കുക, റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്, ടാക്സി വാഹനങ്ങളും മറ്റും സർവീസ് നടത്തുന്നില്ല. ഗൂഢല്ലൂർ-പന്തല്ലൂർ വ്യാപാരസംഘം, മോട്ടോർ വാഹന ഡ്രൈവേഴ്സ് യൂണിയൻ തുടങ്ങിയ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്.ആന, പുലി, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം പ്രദേശത്ത് വർദ്ധിച്ചു വരികയാണ്, ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടം സംഭവിക്കുന്നതും ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.