കോഴിക്കോട്: പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽപാതാ ചർച്ചകൾക്ക് വീണ്ടും ജീവൻ വെക്കുന്നു. വയനാടിന്റെ സ്വപ്‌ന പദ്ധതിക്കായുള്ള സർവേ നടപടികൾ വ്യാഴാഴ്‌ച പുനരാരംഭിക്കും. കോഴിക്കോട് ജില്ലയുടെ പരിധിയിൽ വരുന്ന പൂഴിത്തോട് ഭാഗത്തെ, അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് ഇന്ന് സർവേ നടക്കുക. വയനാട് ഭാഗത്തെ സർവേ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. മൂന്നു പതിറ്റാണ്ടു നീണ്ട അവഗണനക്കൊടുവിലാണ് പദ്ധതി വീണ്ടും സജീവമാകുന്നത്.
വനത്താലും മലകളാലും ചുറ്റപ്പെട്ട വയനാടിന്റെ സ്വപ്‌പ്ന പദ്ധതിയാണ് പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ പാത. കോഴിക്കോട് ജില്ലയുടെ പരിധിയിൽ വരുന്ന പൂഴിത്തോട് ഭാഗത്തെ, അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് ഇന്ന് സർവ്വേ നടക്കുക. വയനാട് ജില്ലാ ഭാഗത്ത് നിന്നുള്ള സർവ്വേ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. മല തുരക്കാതെയും ആയിരക്കണക്കിന് കോടികൾ പൊടിക്കാതെയും യാഥാർഥ്യമാക്കാവുന്ന ചുരമില്ലാ പാത, 70% പൂർത്തീകരിച്ച ശേഷമാണ് ഉപേക്ഷിക്കപ്പെട്ടത്. സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം തന്നെയാണ് പ്രധാനമായും ആരോപണ പ്രത്യാരോപണങ്ങളിൽ നിറയുന്നത്.
മൂന്നു പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും കേന്ദ്രത്തിൽ യുപിഎയും എൻഡിഎയും മാറിമാറി ഭരിച്ചെങ്കിലും ഒരു ജനതയുടെ ജീവൻ പ്രശ്നത്തിന് ഒരു നീക്കുപോക്കും ഉണ്ടായില്ല. അതുകൊണ്ടുതന്നെ പുതിയ സർവ്വേ നടപടികൾ പ്രതീക്ഷ പകരുമ്പോഴും പദ്ധതി പൂർത്തീകരിക്കപ്പെടുമോ എന്ന കാര്യത്തിൽ ആളുകൾക്കിടയിൽ ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്