പനമരം ‘ ഐസിഡിഎസ് കേന്ദ്രവും ഫിസിയോ തെറാപ്പി സെന്ററായ ഡിംപിൾസ് ഹെൽത്ത് ഹബും ചേർന്ന് സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പിൽ 79 പേർ പങ്കെടുത്തു.
ആരോഗ്യപരിശോധനയ്ക്ക് പുറമെ തുടർചികിത്സ ആവശ്യമായവർക്ക് മിതമായ നിരക്കിൽ അത് ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി.
സ്‌ട്രെസ്സ്, മാനസിക സമ്മർദ്ദം എന്നിവ അനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് സൗകര്യവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ വ്യായാമരീതികൾ വിശദീകരിക്കുകയും, ശരീരസൗഖ്യം നിലനിർത്താൻ ജീവിതശൈലിയിൽ സ്വീകരിക്കാവുന്ന ശീലങ്ങളെ കുറിച്ച് ക്യാമ്പിൽ ചര്‍ച്ച ചെയ്യുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി, സിഡിപിഒ പി അനിത, ഡിംപിൾസ് ഹെൽത്ത് ഹബ് ചീഫ് ഫിസിയോ തെറാപ്പിസ്റ്റ് ഡോ. ഡിംപിൾ, പനമരം ഐസിഡിഎസ് സൂപ്പർവൈസർമാർ എന്നിവർ പങ്കെടുത്തു.