പാമ്പുകടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

തൃശ്ശൂർ : പാമ്പുകടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. വാടാനപ്പള്ളി ഇടശേരി സി.എസ്.എം. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയും കിഴക്ക് പുളിയംതുരുത്ത് വാടകയ്ക്ക് താമസിക്കുന്ന തച്ചാട് നന്ദുവിന്റെ മൂത്ത മകള്‍ അനാമിക (6) ആണ് മരിച്ചത്. അണലി പാമ്പ് കടിച്ചതാണെന്ന് തിരിച്ചറിയാതിരുന്നതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്.

 

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയിൽ പാമ്പ് കടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും വൈകിയിരുന്നു. ഇവര്‍ താമസിക്കുന്ന ഷെഡ് കെട്ടിയ വീടിന് ചുറ്റും പൊന്തക്കാടാണ്. പതിവായി വീട്ടുപരിസരത്ത് അണലിയെ കാണാറുണ്ട്. കഴിഞ്ഞ ദിവസം വീട്ടു വരാന്തയില്‍ അണലിയെ കണ്ടിരുന്നതായി പറയുന്നു. ബുധനാഴ്ച കുട്ടിക്ക് കാല്‍ വേദനയും തളര്‍ച്ചയും നേരിട്ടിരുന്നു.

ഉടൻ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ തേടി. നില ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുവന്നു. വ്യാഴാഴ്ച രാവിലെ കുട്ടിയുടെ ആരോഗ്യനില വഷളായി. ഇതോടെ ചാവക്കാട് ആശുപത്രിയിലേക്ക് വീണ്ടും കൊണ്ടുപോയി. രണ്ടു തവണയും പാമ്പ് കടിച്ചതിന്റെ അടയാളം കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ കുട്ടിയുടെ നില മോശമായതിനാൽ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിക്കുന്നത്.

 

എന്നാൽ അപ്പോഴേക്കും പാമ്പിന്റെ വിഷം ശരീരത്തിനുള്ളില്‍ വ്യാപിച്ചിരുന്നു. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാൽ വൃക്കയുടെ പ്രവര്‍ത്തനം അപ്പോഴേക്കും നിലച്ചു. ഇതിന് പിന്നാലെ മരണം സംഭവിച്ചു. ഏങ്ങണ്ടിയൂര്‍ പുളിഞ്ചോട് താമസിച്ചിരുന്ന നിര്‍ധന കുടുംബം നാലുമാസം മുമ്പാണ് പുളിയംതുരുത്തില്‍ എത്തി വാടകയ്ക്ക് താമസം തുടങ്ങിയത്.

 

പൊന്തക്കാടിന് സമീപത്തെ വീട്ടിലോ മുറ്റത്തോ വച്ച് കുട്ടിക്ക് പാമ്പു കടിയേറ്റതാകും എന്നാണ് നിഗമനം. പാമ്പുകടിച്ചത് കുട്ടിയോ വീട്ടുകാരോ തിരിച്ചറിയാതിരുന്നത് ചികിത്സ വൈകാന്‍ കാരണമായെന്ന് ഡോക്ടർമാർ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് വൈകിട്ട് വിദ്യാലയത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. അമ്മ: ലക്ഷ്മി. സഹോദരങ്ങള്‍: ശ്രിഗ, അദ്വിത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *