സുൽത്താൻ ബത്തേരി : സമ്പൂര്‍ണതാ അഭിയാൻ ജില്ലയുടെ മികച്ച പ്രകടനത്തിന് അഭിനന്ദനമായി സമ്മാൻ സമാരോഹ് .നീതി ആയോഗിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്ട്സ് ആൻഡ് ബ്ലോക് പ്രോഗ്രാമിന്റെ ഭാഗമായി നടന്ന സമ്പൂര്‍ണതാ അഭിയാൻ പ്രവര്‍ത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജനപ്രതിനിധികൾ, വകുപ്പ്, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരെ ജില്ലാ ഭരണകൂടം ആദരിച്ചു. ജില്ലാ പ്ലാനിങ് ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി സപ്ത റിസോര്‍ട്ടിൽ നടന്ന സമ്മാൻ സമാരോഹ് സമാപന ഉദ്ഘാടന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിർവഹിച്ചു.
ജൂലൈയിൽ ആരംഭിച്ച സമ്പൂര്‍ണതാ അഭിയാൻ പ്രവര്‍ത്തനങ്ങളിൽ ജില്ലയിലെ എല്ലാ ബ്ലോക്കുകളും ലക്ഷ്യങ്ങൾ പൂര്‍ത്തീകരിച്ചു. പൊതുജനാരോഗ്യം, മാതൃശിശു ഇടപെടൽ ഉൾപ്പെടെയുള്ള മേഖലകളിൽ വലിയ മുന്നേറ്റമാണ് ജില്ലയിൽ ഉണ്ടായത്. മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായി പ്രവര്‍ത്തിച്ച ത്രിതല പഞ്ചായത്തുകൾ, ജില്ലാ ആസുത്രണ സമിതി അംഗങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മറ്റ് വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികൾ, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവരെ യോഗത്തിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായിരുന്നു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, എ.ഡി.എം കെ ദേവകി, സബ് കളക്ടർ അതുൽ സാഗർ, ജില്ലാ പ്ലാനിങ് ഓഫീസർ കെ.എസ് ശ്രീജിത്ത്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ എ.എൻ പ്രഭാകരൻ, സുരേഷ് താളൂര്‍, ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യാതിഥിയായി.
ജില്ലയിലെ അരിവാൾ രോഗസാന്നിദ്ധ്യത്തെക്കുറിച്ച് നടന്ന ചര്‍ച്ചയിൽ മാനന്തവാടി സബ് കളക്ടര്‍ അതുൽ സാഗര്‍ സംസാരിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. സമീഹ സൈതലവി, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ജോ. ജെറിൻ എസ് ജെറാൾഡ്, ജനപ്രതിനിധികൾ എന്നിവർ ചര്‍ച്ചയിൽ പങ്കെടുത്തു. സുസ്ഥിര വികസന ലക്ഷ്യങ്ങളും ആസ്പിരേഷൻ ഡിസ്ട്രിക്ട്സ് ആൻഡ് ബ്ലോക്ക്സ് പരിപാടിയും മുൻനിര്‍ത്തി നടന്ന പാനൽ ചര്‍ച്ചയിൽ സംസ്ഥാന പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആൻഡ് മോണിട്ടറിങ് വകുപ്പ് റിസര്‍ച്ച് ഓഫീസര്‍ പി.കെ കുര്യാക്കോസ് വിഷയാവതരണം നടത്തി. തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമൽ രാജ്, ജില്ലാ പ്ലാനിങ് ഓഫീസ് റിസര്‍ച്ച് അസിസ്റ്റന്റ് കെ.എം ഷംസുദ്ദീൻ, മറ്റ് ജനപ്രതിനിധികൾ എന്നിവര്‍ സംസാരിച്ചു.