ബെയിലി പാലത്തിലൂടെയുള്ള യാത്രാ നിയന്ത്രണത്തിന് ഇളവ്

ചൂരൽമല : ബെയിലി പാലത്തിലൂടെയുള്ള യാത്രാ നിയന്ത്രണത്തിന് ഇളവ് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ അട്ടമല-മുണ്ടക്കൈ പ്രദേശങ്ങളെ ചൂരൽമലയുമായി ബന്ധിപ്പിക്കുന്ന ബെയിലി പാലത്തിലൂടെയുള്ള യാത്രയ്ക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഭാഗികമായി ഇളവ് അനുവദിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഇത് സംബന്ധിച്ച ഉത്തരവിറക്കി. പ്രവേശന വിലക്കില്ലാത്ത ഗോ സോൺ ഏരിയകളിലേക്കുള്ള യാത്രയ്ക്ക് നിബന്ധനകൾക്ക് വിധേയമായി ബെയിലി പാലം കടന്നുപോകാനാണ് അനുമതിയുള്ളത്.

 

 

നാട്ടുകാർക്കും തോട്ടം ഉടമകൾക്കും ഈ പ്രദേശങ്ങളിൽ ജോലി ചെയ്യുന്നതിനും തൊഴിലാളികളെ അനുവദിക്കുന്നതിനും നിയന്ത്രണങ്ങളിൽ ഇളവ് തേടി നിരവധി അപേക്ഷകൾ ലഭിച്ച സാഹചര്യത്തിലാണ് ഉത്തരവ്. എന്നാൽ സുരക്ഷാചട്ടങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ കാൽനട യാത്രക്കാരെ പാലത്തിലൂടെ കടത്തിവിടൂ. ഭാരമേറിയ വാഹനങ്ങൾ അധികമുള്ളവ അനുവദിക്കില്ല. അട്ടമല-മുണ്ടക്കൈ ഭാഗങ്ങളിലെ ഗോ-സോൺ പ്രദേശങ്ങളിലേക്ക് പോകുന്നവർക്ക് ചൂരൽമലയിൽ നോ ഗോ സോൺ തുടങ്ങുന്ന സ്ഥലം മുതൽ കാൽനടയായി ബെയിലി പാലത്തിലൂടെ നടന്ന് മറുവശത്ത് എത്താം. ശേഷം ഇവർക്കു പോകാനായി പാലത്തിന് അപ്പുറത്ത് വാഹനം ഏർപ്പെടുത്താവുന്നതാണ്. പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി പ്രത്യേക പാസ് അനുവദിക്കും.

 

 

വൈകുന്നേരം ആറ് മണിക്ക് ശേഷം ചികിത്സ പോലുള്ള അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. നോ ഗോ സോൺ പ്രദേശങ്ങളിലേക്ക് ഒരു കാരണവശാലും പ്രവേശനം അനുവദിക്കില്ല. ശക്തമായ മഴയോ മഴയോ മുന്നറിയിപ്പുകളോ ഉള്ള സമയത്ത് മുന്നറിയിപ്പ് കൂടാതെ തന്നെ ബെയിലി പാലത്തിലൂടെയുള്ള സഞ്ചാരം നിർത്തിവെയ്ക്കും. പ്രദേശത്ത് നിയമലംഘനങ്ങളുണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസ്, റവന്യൂ, പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *