വെണ്ണിയോട് :ഉന്നതികളിലെ ജനങ്ങളുടെ വിദ്യാഭ്യാസ, യാത്ര പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വെണ്ണിയോട് അത്യാധുനിക സൗകര്യങ്ങളോട് കൂടി നിർമിച്ച ഉമ്മൻ ചാണ്ടി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം
ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.
ജില്ലയിലെ പ്രശ്നങ്ങൾ പഠിക്കുകയാണെന്നും ജില്ലയിലെ വിവിധ മേഖലകളിൽ കർഷകരുടെ പ്രയാസങ്ങൾ മനസിലാക്കി അവർക്കുവേണ്ടി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും ജനങ്ങൾക്ക് സേവനം ചെയ്യാൻ സ്വജീവിതം മാറ്റി വെച്ചതുമായ ഉമ്മൻ ചാണ്ടിയുടെ പേരിലെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പൊതുജനങ്ങളുടെ പൊതു ആവശ്യങ്ങൾക്ക് ത്രിതല പഞ്ചായത്തിന്റെ വലിയ തുടക്കമാണ് ഓഡിറ്റോറിയമെന്നും എംപി പറഞ്ഞു.
ജനങ്ങൾക്കായി ഒരു ജനാധിപത്യ ഇടം തുറന്നു കൊടുക്കുകയാണെന്നും അവർക്ക് അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെക്കാനുള്ള ഇടമാണ് ത്രിതല പഞ്ചായത്തുകൾ നൽകിയതെന്നും പരിപാടിയിൽ സംസാരിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭരണാനുമതി ലഭിച്ച ഉമ്മൻ ചാണ്ടി മെമ്മോറിയൽ ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണം ജില്ലാ നിർമ്മിതി കേന്ദ്രയാണ് ഏറ്റെടുത്ത് പൂർത്തീകരിച്ചത്. 97,20,000 രൂപ ചിലവിൽ 5240 ചതുരശ്ര അടിയിലാണ് ഓഡിറ്റോറിയം നിർമിച്ചത്.ജില്ലാ പഞ്ചായത്തിന്റെ വിഹിതമായി 20 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്തിൻ്റെ വിഹിതമായി അഞ്ച് ലക്ഷം രൂപയും ഉൾപ്പെട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുൻവശത്ത് നവീകരണം, പഴയ സ്റ്റെയർ റൂം പൊളിച്ചുമാറ്റി കോൺക്രീറ്റ് ചെയ്ത് വിശാലമാക്കി നിർമ്മിച്ച ഓഡിറ്റോറിയം, സ്റ്റേജ്, ഗ്രീൻ റൂം, റസ്റ്റ് റൂം, ഹാൻഡ് വാഷ് ഏരിയ, വാട്ടർ ടാങ്ക്, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ശുചിമുറികൾ, സൗണ്ട് സിസ്റ്റം, അക്വസ്റ്റിക് സീലിങ്, ഇലക്ട്രിക് ഫിറ്റിങുകൾ തുടങ്ങിയ സൗകര്യങ്ങളാണുള്ളത്. കൂടാതെ ഓഡിറ്റോറിയം സ്റ്റേജിൻ്റെ കർട്ടൻ, ഓഫീസിൻ്റെ നെയിം ബോർഡ് എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്. കെട്ടിടത്തിൻ്റെ പുറത്ത് നിന്നും ഓഡിറ്റോറിയത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് സ്റ്റെയർ കേസും ഇതോടൊപ്പം നിർമ്മിച്ചിട്ടുണ്ട്. ഉന്നത നിലവാരത്തിലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ഓഡിറ്റോറിയം പൂർത്തീകരിച്ചിട്ടുള്ളത്.
ടി സിദ്ദീഖ് എംഎൽഎ അദ്ധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.