കൊച്ചി: ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബനാഥനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് കേരളാ പൊലീസ്. എറണാകുളത്തെ കൊച്ചുകടവന്ത്ര സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്തുളള ആള്‍താമസമില്ലാത്ത വീട്ടില്‍ കയറി തൂങ്ങിമരിക്കാൻ ശ്രമച്ചയാളെയാണ് പൊലീസ് ആശുപത്രിയിലെത്തിച്ചത്
വീട്ടില്‍ നിന്ന് വെളിച്ചം കണ്ടതിനെ തുടർന്ന് സ്റ്റേഷനിലേക്ക് എത്തിയ ഫോണ്‍ കോളാണ് ഒരു മനുഷ്യന്റെ ജീവൻ രക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. അയല്‍ക്കാരാണ് എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ വീടിന്റെ മതില്‍ ചാടിക്കടന്ന് അകത്തു കയറിയപ്പോള്‍ കണ്ടത് തൂങ്ങിമരിക്കാൻ ശ്രമിക്കുന്ന ഒരാളെയാണ്. ഉടൻ തന്നെ അയാളെ നിലത്തിറക്കി ആശുപത്രിയിലെത്തിച്ചു.
മരിക്കാൻ ശ്രമിച്ചയാളെ വീടിന്റെ പരിസരത്ത് അസ്വാഭാവികമായി കണ്ടതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. മതില്‍ ചാടിക്കടന്നെത്തിയപ്പോള്‍ വീടിന്റെ മുൻവാതില്‍ പൂട്ടിയ നിലയിലായിരുന്നു. പിന്നീട് അടുക്കള വാതില്‍ തുറന്ന് മുറിയിലേക്ക് കയറിയ ഉദ്യോഗസ്ഥർ കണ്ടത് പിടയ്ക്കുന്ന മനുഷ്യനെയാണ്. ഉടൻ തന്നെ കഴുത്തിലെ തുണി അറുത്ത് പൊലീസ് ജീപ്പില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആ സമയത്ത് ആശുപത്രിയില്‍ ഐസിയു ഒഴിവില്ലാത്തതിനാല്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കെട്ടിത്തൂങ്ങിയതിനാല്‍ കഴുത്തില്‍ പ്രശ്നമുണ്ടാകാതിരിക്കാൻ ഫിലാഡല്‍ഫിയ കോളർ വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു._ഫിലാഡല്‍ഫിയ കോളർ തിരക്കി നഗരത്തില്‍ രാത്രി പ്രവർത്തിക്കുന്ന മെഡിക്കല്‍ ഷോപ്പുകളില്‍ പൊലീസ് കയറിയിറങ്ങി. ഒടുവില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ പിആർഒയെ കണ്ട് അവിടെ നിന്നും കോളർ വാങ്ങി ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടയ്ക്ക് ഉദ്യോഗസ്ഥർ അയാളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. ബന്ധുക്കള്‍ എത്തുന്നതുവരെ പൊലീസ് സംഘം ആശുപത്രിയില്‍ തുടർന്നു. സബ് ഇൻസ്‌പെക്ടർ ജയരാജ് പി ജി, സിവില്‍ പൊലീസ് ഓഫീസർമാരായ നിതീഷ്, സുധീഷ് എന്നിവരുടെ കൃത്യമായ ഇടപെടലുകളാണ് ഒരു ജീവൻ രക്ഷിക്കാൻ കാരണമായത്.