കൽപ്പറ്റ:സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പതിനെട്ടാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു. ആവാസ വ്യവസ്ഥയിൽ ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം പുതുതലമുറയ്ക്ക് പകർന്ന നൽകുന്നതിനും അവരിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി പെയിന്റിങ്, പെൻസിൽ ഡ്രോയിങ്, പ്രോജക്ട് അവതരണം, പുരയിട ജൈവവൈവിധ്യ പഠന അവതരണം തുടങ്ങിയ മത്സരങ്ങളും നടന്നു. കൽപ്പറ്റ എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ബിഎംസി കൺവീനർ ടി സി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനധ്യാപിക ജി ലീന അധ്യക്ഷയായി. ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ പി ആർ ശ്രീരാജ്, വിദ്യാർത്ഥി പ്രതിനിധികളായ എം കെ രജനേഷ്, പവൻകുമാർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കും വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.