ബത്തേരി: ചീരാൽ പുളിഞ്ചാലിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ ഉൾവനത്തിൽ തുറന്നുവിട്ടു. ആറ് വയസ്സ് പ്രായമുള്ള ആൺപുലിയെയാണ് ഇന്ന് പുലർച്ചെയോടെ വയനാട് വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലേക്ക് തുറന്നുവിട്ടത്.
ഇന്നലെ പുലർച്ചെയാണ് ചീരാൽ പുളിഞ്ചാലിലെ വേടങ്കോട് എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്. തുടർന്ന് വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പുലിക്ക് പരിക്കുകളൊന്നും ഇല്ലെന്നും പൂർണ്ണ ആരോഗ്യവാനാണെന്നും സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് പുലിയെ ഉൾവനത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പ്രദേശത്ത് ഭീതിപരത്തിയ പുലി കൂട്ടിലായതോടെ നാട്ടുകാർക്ക് ആശ്വാസമായിരുന്നു. പുലിയെ ഉൾവനത്തിലേക്ക് മാറ്റിയതോടെ പ്രദേശത്തെ ആശങ്ക പൂർണ്ണമായും ഒഴിഞ്ഞു.