കൽപ്പറ്റ: ഒക്ടോബർ 3, 4 തീയതികളിലായി നടക്കുന്ന സുൽത്താൻബത്തേരി ഉപജില്ലാ കായികമേള മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ ആരംഭിച്ചു. രാവിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി ജെ ഷിജിത പതാക ഉയർത്തി. സ്വാഗതസംഘം ജോയിൻ്റ് ജനറൽ കൺവീനർ കെ എം മണി, വിവിധ കമ്മിറ്റി കൺവീനർമാരായ കെ ദിനേശൻ, ജിജോ കുര്യാക്കോസ്, രജീഷ് മായൻ, കെ മധു, പി എൻ ഷൈലേഷ്, പി പി മജീദ് എന്നിവർ സന്നിഹിതരായിരുന്നു.
ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമൽസരമായിരുന്നു ആദ്യ ഇനം. ആദിത്യ ഗംഗാധരൻ ( ജി എച്ച് എസ് എസ് കാക്കവയൽ ), ടി ആർ അക്ഷയ് ( ജി എച്ച് എസ് എസ് വടുവൻചാൽ), എം എസ് അനൂപ് ( ജി എച്ച് എസ് എസ് ആനപ്പാറ ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. നാളെ വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർപേഴ്സൺ ശ്രീദേവി ബാബു അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യാതിഥിയായിരിക്കും.