കല്‍പ്പറ്റ: പോലീസ്, കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് വീഡിയോ കോള്‍ ചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ സജീവമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു. സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് അജ്ഞാതന്‍ നടത്തിയ തട്ടിപ്പില്‍ ജില്ലയിലെ ഡോക്ടര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടമായതായി അദ്ദേഹം പറഞ്ഞു. ഡോക്ടറുടെ പരാതിയില്‍
സൈബര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദേശത്തേക്ക് അയച്ച പാഴ്‌സലില്‍ എംഡിഎംഎയും വ്യാജ സിം കാര്‍ഡുകളും പാസ്‌പോര്‍ട്ടുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇത് സിംഗപ്പൂരില്‍ പിടിച്ചുവച്ചിട്ടുണ്ടെന്നും സിബിഐ ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ടയാള്‍ ഡോക്ടറെ ഭീഷണിപ്പെടുത്തി. കഴിഞ്ഞ മൂന്നിനായിരുന്നു ഇത്. പിന്നീട് യൂണിഫോമില്‍ വീഡിയോ കോള്‍ ചെയ്ത ഇയാള്‍, അവയവക്കടത്തുകേസിലെ പ്രതിയില്‍നിന്നു ഡോക്ടര്‍ കൈപ്പറ്റിയ തുക ഉപയോഗിക്കാതെകിടന്ന ബാങ്ക് അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്നു പറഞ്ഞും ഭീഷണിപ്പെടുത്തി. അക്കൗണ്ട് ലീഗലൈസ് ചെയ്യുന്നതിനു അഞ്ച് ലക്ഷം രൂപ നല്‍കണമെന്നു നിര്‍ദേശിച്ചു. പണം അയയ്ക്കുന്നതുവരെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്ത സ്ഥലത്തുനിന്നു മാറരുതെന്നു ആവശ്യപ്പെട്ടു. പണം ട്രാന്‍സ്ഫര്‍ ചെയ്ത് മണിക്കൂറുകളോളം റോഡില്‍ നിന്നതിനുശേഷമാണ് തട്ടിപ്പിന് ഇരയായെന്ന് ഡോക്ടര്‍ക്കു ബോധ്യപ്പെട്ടത്.
ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വന്‍ ലാഭം നേടിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചും തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് ഇരയാകുന്നവരുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ഓണ്‍ലൈനായും നേരിട്ടും 704 പരാതികളാണ് ലഭിച്ചത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിയ സ്രോതസിലേക്കുള്ള സൈബര്‍ ആക്രമണങ്ങളും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യംവച്ചുള്ള ലൈംഗിക ലക്ഷ്യത്തോടെയുള്ള കടന്നുകയറ്റങ്ങളുമായും ബന്ധപ്പെട്ടതാണ് പരാതികളില്‍ അധികവും. 300ലേറെ പരാതികള്‍ പോലീസ് തീര്‍പ്പാക്കിയിട്ടുണ്ട്. എട്ടുലക്ഷത്തോളം രൂപ തട്ടിപ്പുകാരില്‍നിന്നു തിരിച്ചുപിടിച്ചു.