സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലേറ്റ പരാജയത്തിന് മറുപടി നൽകി ഇന്ത്യ. ഹരാരെ സ്പോർട്‌സ് ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ 100 നൂറ് റൺസിന് ഇന്ത്യ സിംബാബ്‌വെയെ മുട്ട് കുത്തിച്ചു. ഇന്ത്യ ഉയർത്തിയ 235 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെയ്ക്ക് 134 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. 47 പന്തിൽ 100 റൺസെടുത്ത അഭിഷേക് ശർമയാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. സ്കോർ – ഇന്ത്യ: 234/2, സിംബാബ്‌വെ: 100/10
കഴിഞ്ഞ മത്സരത്തിൽ നിന്ന് വിഭിന്നമായി ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ ആദ്യം തന്നെ പുറത്തായെങ്കിലും ഓപ്പണറായ അഭിഷേക് ശർമ അടിച്ചു തകർക്കുകയായിരുന്നു. അഭിഷേകിനൊപ്പം റിതുരാജ് ഗെയ്ക‌്വാദ് (47 പന്തിൽ 77), റിങ്കു സിങ് (22 പന്തിൽ 48) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങ്ങിനെത്തിയ സിംബാബ്‌വെയ്ക്ക് മുഴുവൻ വിക്കറ്റും നഷ്‌ടമായി 19-ാം ഓവറിൽ കളിയവസാനിപ്പിക്കേണ്ടി വന്നു. മുകേഷ് കുമാർ, ആവേശ് ഖാൻ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. അഭിഷേക് ശർമയാണ് കളിയിലെ താരം. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വൻ്റി 20 പരമ്പര 1-1 നിലയിലായി.