സുൽത്താൻബത്തേരി: ബത്തേരി മുനിസിപ്പാലിറ്റി നഗരത്തിലെ ഹോട്ടലുകൾ കൂൾബാർ മെസ്സുകളിലും ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. 6 സ്ഥാപനങ്ങളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി. ഇന്ന് രാവിലെ ബത്തേരി നഗരത്തിലും പരിസരങ്ങളിലും പതിനഞ്ചോളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാർഥങ്ങൾ നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്ത് നടപടി സ്വീകരിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ അലഫാം, കുബ്ബൂസ്, ബീഫ്, ചോറ്, മത്സ്യം, പച്ചക്കറി ഇനങ്ങൾ തുടങ്ങിയവയാണ് പിടികൂടിയത്.
ഹോട്ടലുകൾ ,കൂൾ ബാറുകൾ മെസ്സുകളിലാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് ഹോട്ടൽ ഉഡുപ്പി, സ്റ്റാർ കിച്ചൻ, മൈസൂർ റോഡിലെ ദ റിയൽ കഫേ ചീരാൽ റോഡിലെ അമ്മ മെസ്, മൂലങ്കാവ് ഹോട്ട് പോട്ട് കൂൾബാർ എന്നിവിടങ്ങളിൽ നിന്നാണ് ഉപയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്.
വൃത്തിഹീനമായും മാലിന്യ സംസ്കരണ സംവിധാനമില്ലാതെയും പ്രവർത്തിച്ച മൈസൂർ റോഡിലെ അൽജുനൂബ് കുഴിമന്തി എന്ന സ്ഥാപനത്തിൻ്റെ പ്രവർത്തനവും നിറുത്തി വയ്പ്പിച്ചു. ഈ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികളും സ്വീകരിച്ചു. ഇനിയും പരിശോധനകൾ കർക്കശമാക്കാനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ തീരുമാനം. പരിശോധനയ്ക്ക് നഗരസഭ ക്ലീൻസിറ്റിമാനേജർ പി.എസ് സന്തോഷ്കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.എച്ച് മുഹമ്മദ് സിറാജ് എന്നിവർ നേതൃത്വം നൽകി.