വിശാഖപട്ടണം: വനിതാ ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. വിശാഖപട്ടണത്ത് ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് കളിതുടങ്ങുക. തുടര്‍ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ശ്രീലങ്കയെ 59 റണ്‍സിന് തോല്‍പ്പിച്ച് തുടങ്ങിയ ഹര്‍മന്‍ പ്രീത് കൗറും സംഘവും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്തത് 88 റണ്‍സിന്. എന്നാല്‍ ശക്തരായ എതിരാളികളെ ഇന്ത്യക്ക് ലഭിച്ചില്ലെന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവരോടും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്. അവസാന മത്സരം ബംഗ്ലാദേശിനെതിരെയാണ്
സ്മൃതി മന്ദാന, ഹാര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവര്‍ ഉള്‍പ്പെട്ട ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ കരുത്ത്. കഴിഞ്ഞ രണ്ട് മത്സരത്തിലും സ്മൃതിക്ക് ഫോമിലേക്ക് ഉയരാന്‍ സാധിച്ചില്ലെന്നുള്ളതാണ് ഇന്ത്യയുടെ തലവേദന. സഹ ഓപ്പണര്‍ പ്രതിക റാവലും അവസരത്തിനൊത്ത് ഉയരുന്നില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ജമീമ റോഡ്രിഗസ് എന്നിവരുടെ കാര്യവും വ്യത്യസ്തമല്ല. ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മയുടെ മിന്നും ഫോമിനൊപ്പം യുവതാരം ക്രാന്തി ഗൗദിന്റെ ബൗളിംഗ് മികവുമാണ് ഇന്ത്യക്ക് പുത്തനുണര്‍വ് നല്‍കുന്നത്.