2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. വെനസ്വേലയിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് പുരസ്‌കാരം. ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമാധാനപൂര്‍വമായ പോരാട്ടത്തിനാണ് അംഗീകാരം. വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ വ്യവസായ എന്‍ജിനീയര്‍ കൂടിയാണ്. 2011 മുതല്‍ 2014 വരെ വെനസ്വേലയിലെ ദേശീയ അസംബ്ലിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമായി സേവനമനുഷ്ഠിച്ചു.
‘വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള മരിയക്ക് പുരസ്‌കാരം നൽകുന്നത്’-നൊബേൽ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. വളർന്നുവരുന്ന ഇരുട്ടിനിടയിൽ ജനാധിപത്യത്തിന്റെ ദീപശിഖ അണയാതെ കാക്കുന്ന ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ വക്താവിനാണ് 2025-ലെ പുരസ്ക്‌കാരമെന്നും കമ്മിറ്റി വ്യക്തമാക്കി.
യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ നൊബേൽ കമ്മിറ്റി അവാർഡിന് പരിഗണിച്ചില്ല. അന്താരാഷ്ട്ര തലത്തിലെ ഏഴ് യുദ്ധങ്ങൾ താൻ ഇടപെട്ട് നിർത്തിയെന്നും അതിന് സമാധാനത്തിനുള്ള നൊബേൽ തനിക്ക് നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. സമാധാന നൊബേലിന് തനിക്കുള്ളത്രയും അർഹത മറ്റാർക്കുമില്ലെന്ന അവകാവാദവും ട്രംപ് ആവർത്തിച്ചു പറഞ്ഞിരുന്നു.
സമാധാന നൊബേൽ ലഭിക്കുന്ന 20-ാമത്തെ വനിത കൂടിയാണ് മരിയ. വെനസ്വേലയുടെ ഉരുക്കു വനിതയായാണ് അവർ അറിയപ്പെടുന്നത്. മാധ്യമ പ്രവർത്തകയായും മരിയ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയൻ തങ്ങളുടെ പരമോന്നത മനുഷ്യാവകാശ പുരസ്‌കാരം മരിയ കൊറീന മചാഡോയ്ക്കും വെനസ്വേലയിലെത്തന്നെ മറ്റൊരു പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകനായ എഡ്‌മുണ്ടോ ഗോൺസാലസ് ഉറുട്ടിയയ്ക്കും സമ്മാനിച്ചിരുന്നു.
നോർവീജിയൻ നൊബേൽ കമ്മിറ്റിയാണ് സമാധാന നൊബേൽ സമ്മാനം പ്രഖ്യാപിച്ചത്. നോർവേയിലെ ഓസ്ലോയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 നായിരുന്നു പ്രഖ്യാപനം. ഈ വർഷം 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടെ ആകെ 338 നാമനിർദേശങ്ങളാണ് സമാധാന നൊബേലിനായി പരിഗണിച്ചത്. സമ്മാന ജേതാവിന് ഡോക്ടർ ആൽഫ്രഡ് നൊബേലിൻ്റെ ചിത്രം ആലേഖനം ചെയ്ത മെഡലും 11 മില്യൺ സ്വീഡിഷ് ക്രോണും ലഭിക്കും.