പോളിയോ തുള്ളിമരുന്ന് വിതരണം; ഒക്ടോബര്‍ 12ന്

തിരുവനന്തപുരം: പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അഞ്ച് വയസിനു താഴെയുളള കുഞ്ഞുങ്ങള്‍ക്കാണ് തുളളിമരുന്ന് നല്‍കുന്നത്. അഞ്ച് വയസിനു താഴെയുളള 21,11,010 കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി തുളളിമരുന്ന് നല്‍കും. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 22,383 ബൂത്തുകളാണ് പ്രവര്‍ത്തിക്കുക. ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 44,766 വോളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കും. എല്ലാ രക്ഷാകര്‍ത്താക്കളും അഞ്ച് വയസുവരെയുളള എല്ലാ കുട്ടികള്‍ക്കും പോളിയോ തുളളിമരുന്ന് നല്‍കി പോളിയോ നിര്‍മ്മാര്‍ജ്ജന തീവ്രയജ്ഞത്തില്‍ പങ്കാളികളാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട കോഴഞ്ചേരി ഗവ. ഹൈ സ്‌കൂളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

 

സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍ ഒക്ടോബര്‍ 12ന് രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ പ്രവര്‍ത്തിക്കും. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബോട്ടു ജെട്ടികള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍ ഒക്ടോബര്‍ 12ന് വൈകിട്ട് എട്ടുമണി വരെ പ്രവര്‍ത്തിക്കും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകളും ഒക്ടോബര്‍ 12,13,14 തീയതികളില്‍ പ്രവര്‍ത്തിക്കും.

 

ഒക്ടോബര്‍ 12ന് ബൂത്തുകളില്‍ തുളളിമരുന്ന് നല്‍കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഒക്ടോബര്‍ 13, 14 തീയതികളില്‍ വോളണ്ടിയര്‍മാര്‍ വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കും. തദ്ദേശസ്വയംഭരണം, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകള്‍, റോട്ടറി ഇന്റര്‍നാഷണല്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തില്‍ 2000ന് ശേഷവും ഇന്ത്യയില്‍ 2011നു ശേഷവും പോളിയോ രോഗം റിപോര്‍ട്ട് ചെയ്തിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപോര്‍ട്ട് ചെയ്യുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായി അഞ്ച് വയസിനു താഴെയുളള എല്ലാ കുട്ടികള്‍ക്കും പോളിയോ തുളളിമരുന്ന് നല്‍കേണ്ടതുണ്ട്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *