കൽപ്പറ്റ: ഏല്‍സ്റ്റണിലെ ടൗണ്‍ഷിപ്പ് ലോകത്തിന് മാതൃകയെന്ന് മന്ത്രി കെ രാജന്‍.ദുരന്ത ബാധിതര്‍ക്കായി കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുങ്ങുന്ന പുനരധിവാസ ടൗണ്‍ഷിപ്പ് ലോകത്തിന് മാതൃകയാവുമെന്നും ടൗണ്‍ഷിപ്പ് മികച്ച പുനരധിവാസ സെറ്റില്‍മെന്റാണെന്നും റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതല്‍ തൊഴിലാളികളെയും ആധുനിക യന്ത്രോപകരണങ്ങളും എത്തിച്ച് ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അഞ്ച് സോണുകളിലും ഒരേപോലെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുകയാണ്. കാലവര്‍ഷത്തിനും തുലാവര്‍ഷ മഴയ്ക്കുമിടയില്‍ സാധാരണ ലഭിച്ചിരുന്ന ഇടവേള ലഭിക്കാതെ മഴ പെയ്യുന്നത് പ്രശ്‌നമണെങ്കിലും ടൗണ്‍ഷിപ്പ് നിര്‍മാണ പൂര്‍ത്തീകരണത്തിന്റെ സമയപരിധി ദീര്‍ഘിപ്പിക്കില്ല. മഴ കണക്കിലെടുത്ത് നിര്‍മാണ പ്രവര്‍ത്തനത്തില്‍ ആവശ്യമായ മാറ്റം വരുത്തി പ്രതിസന്ധി തരണം ചെയ്യാനാണ് തീരുമാനം. നിലവില്‍ 533 തൊഴിലാളികളാണ് ടൗണ്‍ഷിപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോലി ചെയ്യുന്നത്.
സോണ്‍ ഒന്നില്‍ 121 വീടുകളുടെയും സോണ്‍ രണ്ടില്‍ 12, സോണ്‍ മൂന്നില്‍ 28, സോണ്‍ നാലില്‍ 37, സോണ്‍ അഞ്ചില്‍ 99 വീടുകളുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നിലവില്‍ പനമരത്ത് നിന്നാണ് കോണ്‍ക്രീറ്റ് മിക്‌സ് എത്തിക്കുന്നത്. കോണ്‍ക്രീറ്റ് മിക്‌സ് എത്തിക്കുന്നതില്‍ കാലതാമസം ഒഴിവാക്കാനായി ടൗണ്‍ഷിപ്പ് നിര്‍മാണ സ്ഥലത്ത് തന്നെ മണിക്കൂറില്‍ 18 മീറ്റര്‍ ക്യൂബ് ശേഷിയുള്ള മിക്‌സിങ് പ്ലാന്റ് സ്ഥാപിച്ചു. ഒരാഴ്ചയ്ക്കകം പ്ലാന്റ് പ്രവര്‍ത്തന സജ്ജമാവും. ജില്ലയില്‍ മഴ ശക്തമാവുന്ന സാഹചര്യങ്ങളില്‍ നിര്‍മാണ സ്ഥലത്തെ റോഡുകളിലൂടെ വലിയ മെഷീനുകള്‍ എത്തിക്കാന്‍ പ്രയാസം നേരിടുന്നത് പരിഹരിക്കാന്‍ പ്രദേളത്ത് അഞ്ചര മീറ്റര്‍ വീതിയില്‍ താത്ക്കാലിക റോഡ് നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. ടൗണ്‍ഷിപ്പിലൂടെ കടന്നുപോകുന്ന ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനും വൈദ്യുതി വിതരണ ലൈനും മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ കെ.എസ്.ഇ.ബിയുമായി ചേര്‍ന്ന് സ്വീകരിക്കും.