തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ധരാത്രിമുതല്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 12 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.
ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) രഹസ്യകേന്ദ്രത്തിലാണ് പോറ്റിയെ രാത്രി വൈകിയും ചോദ്യം ചെയ്തത്. സസ്‌പെന്‍ഷനിലുള്ള ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനെയും ഉടന്‍ ചോദ്യം ചെയ്യും.
2019-ല്‍ ശബരിമല ശ്രീകോവിലിനുമുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികളും സ്വര്‍ണത്തിലുള്ള കട്ടിളപ്പാളികളും കാണാതായ രണ്ടുകേസുകളിലും ഒന്നാംപ്രതിയായ പോറ്റിയെ വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം പുളിമാത്തെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്ത്. ശബരിമലക്കേസില്‍ പ്രതിപ്പട്ടികയിലുള്ളവരില്‍ ആദ്യ അറസ്റ്റാണിത്. കസ്റ്റഡിയിലെടുത്ത പോറ്റിയെ ഈഞ്ചക്കലിലുള്ള ക്രൈംബ്രാഞ്ചിന്റെ ഓഫീസിലേക്കെത്തിച്ചു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വൈദ്യപരിശോധനയ്ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ത്ിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഇവിടെനിന്ന് വീണ്ടും ഈഞ്ചയ്ക്കലിലെ ഓഫീസിലെത്തിച്ചു. ഇനി ഇവിടെ നിന്ന് എഴുമണിയോടെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകും. റാന്നി കോടതിയിലേക്കാകും പോറ്റിയെ കൊണ്ടുപോകുക എന്നാണ് വിവരം. 12 മണിയോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. അന്വേഷണ സംഘം പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെടും. പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്യേണ്ടതുണ്ട്.
ദിവസങ്ങളായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എസ്ഐടി പരിശോധന നടക്കുന്നുണ്ട്. രണ്ടുതവണ ശബരിമലയിലും ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലും നടത്തിയ പരിശോധനകള്‍ക്കും തെളിവുശേഖരണത്തിനും പിന്നാലെയാണ് പോറ്റിയെ കസ്റ്റഡിയിലെടുത്തത്. നേരത്തേ പോറ്റിയെ ദേവസ്വം വിജിലന്‍സും ചോദ്യംചെയ്തിരുന്നു. കട്ടിളപ്പാളിക്കേസില്‍ 2019-ലെ ദേവസ്വംബോര്‍ഡ് പ്രതിപ്പട്ടികയില്‍ എട്ടാംസ്ഥാനത്താണ്.
സ്വര്‍ണപ്പാളി തട്ടിപ്പില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പങ്കുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിച്ചതിനൊപ്പം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍നിന്നു ലഭിച്ച വിവരങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് പോറ്റിയെ ചോദ്യംചെയ്തത്. സ്വര്‍ണപ്പാളി ആര്‍ക്കുകൈമാറി, എത്ര സ്വര്‍ണം നഷ്ടപ്പെട്ടു, ആരൊക്കെ തട്ടിപ്പില്‍ ഉള്‍പ്പെട്ടു തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. പോറ്റി അറസ്റ്റിലായാതോടെ നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കുകയാകും അടുത്തഘട്ടം. ഒപ്പം ദേവസ്വം ഉദ്യോഗസ്ഥരിലേക്കും ബോര്‍ഡ് ഭരണസമിതിയിലേക്കും പോറ്റിയുടെ സഹായി കല്‍പേഷ് തുടങ്ങിയവരിലേക്കും അന്വേഷണം നീളും.
അതേസമയം, നോട്ടീസോ മുന്‍കൂര്‍ അറിയിപ്പോ നല്‍കാതെയാണ് പോറ്റിയെ കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, പോലീസ് പിന്നീട് കുടുംബത്തെ കസ്റ്റഡിക്കാര്യം അറിയിച്ചെന്നാണ് വിവരം. അന്വേഷണവുമായി പോറ്റി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അറിയുന്നു. ആറിനാണ് കേസന്വേഷണത്തിന് ഹൈക്കോടതി എസ്ഐടിയെ നിയമിച്ചത്.