കാബൂള്‍: പാക് വ്യോമാക്രമണത്തില്‍ 3 പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പട്ടതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറി അഫ്ഗാനിസ്ഥാന്‍. അടുത്തമാസം 5 മുതല്‍ 29വരെയായിരുന്നു പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പര പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്നത്. അഫ്ഗാനിസഥാനിലെ പാക്തിക പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടത്.
ആക്രമണത്തെ അപലപിച്ച അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പാകിസ്ഥാന്‍റെ നടപടി ഭീരുത്വമാണെന്ന് ആരോപിച്ചു. ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറാനുള്ള അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്ന് പാകിസ്ഥാന്‍റെ നടപടി പ്രാകൃതമാണെന്നും അഫ്ഗാന്‍ ക്രിക്കറ്റ് ടീം നായകന്‍ റാഷിദ് ഖാൻ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ ഉര്‍ഗൂണ്‍ ജില്ലയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് പ്രാദേശിക താരങ്ങളായ കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നിവര്‍ കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.