ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റം നടപ്പാക്കി: മന്ത്രി വീണാ ജോർജ്

വൈത്തിരി :  ജില്ലയിലെ ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് നടപ്പാക്കുന്നതെന്നും ചികിത്സാ രംഗത്ത് ജില്ല സ്വയം പര്യാപ്തത കൈവരിക്കുന്നതായും ആരോഗ്യ -വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ സി.എസ്.ആർ ഫണ്ടിൽ നിന്ന് 8.5 കോടി ചെലവഴിച്ച് നിർമിക്കുന്ന ലെവൽ 3 ട്രോമ കെയർ സെൻ്ററിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ധനകാര്യ കമ്മീഷൻ ഫണ്ടിൽ നിന്നും 55.5 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന മേപ്പാടി -കടൂർ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെയും പൊഴുതന – പാറക്കുന്ന് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെയും നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. വൈത്തിരി താലൂക്ക് ആശുപത്രിയിൽ മൂന്ന് നിലകളിലായാണ് ലെവൽ 3 ട്രോമ കെയർ സെന്റർ നിർമ്മിക്കുന്നത്. താഴത്തെ നിലയിൽ അഞ്ച് കിടക്കകളോടെ ട്രയാജ് ഏരിയ, മൈനർ പ്രൊസീജിയർ റൂം, റെസുസിറ്റേഷൻ മുറി, ഒന്നാം നിലയിൽ അഞ്ച് കിടക്കകളോടെ ഒബ്സർവേഷൻ റൂം, ബേൺസ് റൂം, രണ്ടാമത്തെ നിലയിൽ രണ്ട് ഓപ്പറേഷൻ തിയേറ്റർ, മൂന്ന് കിടക്കകളോടു കൂടിയ ഐ.സി.യു, രണ്ടു കിടക്കകളോടെ എച്ച്.ഡി.യു എന്നിവയും കെട്ടിടത്തിൽ ഉണ്ടാവും.

 

ആരോഗ്യ രംഗത്തെ വികസനം ലക്ഷ്യമിട്ട് വൈത്തിരി താലൂക്ക് ആശുപത്രിയിൽ

നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. മെറ്റേണിറ്റി ബ്ലോക്ക് നിർമ്മാണം, ഒ.പി.ഡി നവീകരണം, പീഡിയാട്രിക് ഐ.സി.യു, 8.5 കെ.വി.എ ജനറേറ്റർ, പി.പി യൂണിറ്റ് നവീകരണം, ലോൺട്രി മെഷീൻ, ലാബ് നവീകരണം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നവീകരണം തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ആശുപത്രിയിൽ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. ജില്ലയിലെ ആദ്യത്തെ മുട്ടുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് വിജയകരമായി നടത്തിയത്. താക്കോൽ ദ്വാര ശസ്ത്രക്രിയകൾ, ലിഗമെന്റ്- സ്പോർട്സ് ഇഞ്ചുറി ശസ്ത്രക്രിയകൾ എന്നിവയും നടത്തി. ആശുപത്രിയിൽ ലാപ്രോസ്കോപ്പിക് സർജറി യൂണിറ്റ്, മോഡേൺ ഓപ്പറേഷൻ തിയേറ്റർ പുതിയ മോർച്ചറി എന്നിവയും സജ്ജമാവുകയാണ്. ആശുപത്രി രോഗീ സൗഹൃദമാക്കുന്നതിന്റെ പ്രവർത്തികൾ അന്തിമ ഘട്ടത്തിലാണ്.

ക്യാഷ്വാലിറ്റി ബ്ലോക്ക് നിർമ്മാണത്തിനുള്ള വിശദ പദ്ധതിരേഖ തയാറാക്കി. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള മെഡിക്കൽ വാർഡുകൾ, മെഡിക്കൽ ഐസിയു, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള സൈക്യാട്രിക് വാർഡുകൾ അടങ്ങുന്ന മൾട്ടിപർപ്പസ് ബ്ലോക്ക് നിർമാണം, പുതിയ ഡയാലിസിസ് യൂണിറ്റ് നിർമാണം, ഐ.പി ബ്ലോക്ക് ശാക്തീകരണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു.

സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണം പ്രാരംഭ ഘട്ടത്തിലാണ്. 

 

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതായും മന്ത്രി അറിയിച്ചു. എൻ.എച്ച്.എം ഫണ്ടിൽ നിന്ന് 32.70 ലക്ഷം രൂപ വിനിയോഗിച്ച് പീഡിയാട്രിക് ഐ.സി.യു നിർമ്മാണം പൂർത്തിയാക്കി. 89.70 ലക്ഷം രൂപ ചെലവിൽ ഒ.പി.ഡി ട്രാൻസ്ഫർമേഷൻ പ്രവർത്തികൾ പൂർത്തിയായി. അഞ്ച് ലക്ഷം രൂപ ചെലവിൽ ആശുപത്രിയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കി. എൻ.എച്ച്.എം ഫണ്ടിൽ നിന്ന് 1.5 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് ഭരണാനുമതി ലഭിച്ചു. കോവിഡ് പാക്കേജിൽ ഉൾപ്പെടുത്തി 1.23 കോടി ചെലവിൽ ഓക്സിജൻ ജനറേറ്റർ സിസ്റ്റം പൂർത്തിയാക്കി.

ബ്ലഡ് ബാങ്ക് പ്രവർത്തികൾ പൂർത്തിയായി. കിഫ്ബി ഫണ്ടിൽ നിന്ന് 9.65 കോടി രൂപ വിനിയോഗിച്ചുള്ള ക്യാഷ്വാലിറ്റി വികസനത്തിനും അനുബന്ധ പ്രവൃത്തികൾക്കും ഭരണാനുമതി ലഭിച്ചു. 23.75 കോടി രൂപ ചെലവിൽ 50 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ ബ്ലോക്ക് സജ്ജീകരിക്കുന്നതിനുള്ള നടപടികൾ പ്രാരംഭഘട്ടത്തിലാണ്. ഒ.പി.ഡി ബ്ലോക്ക് ശാക്തീകരിക്കുന്നതിന് എൻ.എച്ച്.എം ഫണ്ടിൽ നിന്ന് 95 ലക്ഷം രൂപ വിനിയോഗിച്ചുള്ള പ്രവൃത്തികളുടെ ഡി.പി.ആർ അന്തിമഘട്ടത്തിലാന്നെന്നും മന്ത്രി പറഞ്ഞു.

 

ആരോഗ്യ മേഖല ഉൾപ്പെടെ എല്ലാ മേഖലകളിലും വലിയ വികസനമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. എം.എൽ.എ ടി. സിദീഖ്, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം.വി വിജേഷ്, പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അനസ് റോസ്‌ന സ്റ്റെഫി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. മോഹൻദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ബഷീർ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജഷീർ പള്ളിവയൽ, ബി ആയിഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാകുമാരി, വൈത്തിരി ഗ്രാമപഞ്ചായത്ത് അംഗം ജിനിഷ, ടാറ്റ സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് ഡിസാസ്റ്റർ റെസ്പോൺസ് പ്രതിനിധി സുമേദ് പാട്ടീൽ, വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രിയ സേനൻ, ടാറ്റ സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് സോഷ്യൽ സർവീസസ് ക്ലസ്റ്റർ ഹെഡ് ശ്രീരംഗ് ധാവലെ, ടാറ്റ എൽക്സി സി.എസ്.ആർ മേധാവി ശരത് നായർ, ജനപ്രതിനിധികൾ, വൈത്തിരി താലൂക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *