പൊതു മൊബൈൽച്ചാർജിങ് പോയിന്റുകളിൽ നിന്ന് സെൽഫോൺ ചാർജ് ചെയ്യുന്നവർ ഇനി കരുതിയിരിക്കണം. ‘ജ്യൂസ് ജാക്കിങ്’ തട്ടിപ്പുകാർ പുറകിലുണ്ടെന്ന മുന്നറിയിപ്പുനൽകുകയാണ് പോലീസ്. പൊതു മൊബൈൽച്ചാർജിങ് കേന്ദ്രങ്ങൾ വഴി വ്യക്തികളുടെ ഡേറ്റയും വിവരങ്ങളും മോഷ്ടിക്കുന്ന സൈബർ തട്ടിപ്പാണ് ജ്യൂസ് ജാക്കിങ്. മാളുകൾ, റസ്റ്ററന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, തീവണ്ടികൾ തുടങ്ങിയിടങ്ങളിലെ പൊതു മൊബൈൽച്ചാർജിങ് കേന്ദ്രങ്ങൾവഴിയാണ് ഡേറ്റ മോഷണം നടക്കുന്നത്.
ചാർജിങ് പോയിന്റുകളിലെ മൊബൈൽച്ചാർജിങ് കേബിളുകൾ മാറ്റുന്നതാണ് രീതി. സാധാരണ ചാർജിങ് കേബിൾപോലെ തോന്നിക്കുന്ന ‘മാൽവെയർ കേബിളുകൾ’ ഉപയോഗിച്ചാണ് പൊതു ചാർജിങ് പോയന്റുകളിൽ സൈബർ കുറ്റവാളികൾ തട്ടിപ്പുനടത്തുന്നത്. ഇത്തരത്തിലുള്ള വ്യാജകേബിളിൽ കണക്ടുചെയ്യുന്ന ഫോണുകളിലെ ബാങ്കിങ് വിവരങ്ങൾ, ഫോട്ടോകൾ, കോൺടാക്ട് ലിസ്റ്റ് തുടങ്ങിയവ തട്ടിപ്പുകാർ കൈക്കലാക്കുന്നു. നിലവിൽ കേസൊന്നും വന്നിട്ടില്ലെങ്കിലും സാമ്പത്തികത്തട്ടിപ്പടക്കം സാധ്യമാകുമെന്നാണ് പോലീസ് മുന്നറിയിപ്പുനൽകുന്നത്.
തട്ടിപ്പ് ഏങ്ങനെ ഒഴിവാക്കാം
സ്വന്തം ചാർജിങ് കേബിളുകളും പവർബാങ്കുകളും ഉപയോഗിക്കുക. സ്മാർട്ട് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റവും ആപ്ലിക്കേഷനുകളും പതിവായി അപ്‌ഡേറ്റ് ചെയ്താലും ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാനാവുമെന്ന് വിദഗ്ധർ പറയുന്നു