തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മറ്റന്നാള്‍ വരെ മഴ തുടരുമെന്നാണ് പ്രവചനം. മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ വിവിധ ഡാമുകളില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നു. ഡാമുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികാരികള്‍ നിര്‍ദേശിച്ചു. മലയോര പ്രദേശങ്ങളിലെ നിവാസികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം. കേരള തീരത്ത് മത്സ്യബന്ധന വിലക്ക് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.