സുൽത്താൻ ബത്തേരിയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു

സുൽത്താൻ ബത്തേരി നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ഹാളിൽ നടന്ന പ്രഖ്യാപന പരിപാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ ആകെ 124 അതിദാരിദ്ര്യ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മരണപ്പെട്ടവരെ ഒഴിവാക്കി നിലവിൽ 92 ഗുണഭോക്താക്കളാണുള്ളത്. ഇവരിൽ 9 ഗുണഭോക്താക്കൾക്ക് നഗരസഭ വീടുകൾ നൽകി, 16 ഗുണഭോക്താക്കൾക്ക് വീടുകളുടെ നവീകരണ സഹായം ലഭ്യമാക്കി. ഭവനരഹിതരും ഭൂമിയില്ലാത്തവരുമായവർക്ക് നഗരസഭ സ്ഥലം കണ്ടെത്തി വീടും സ്ഥലവും നൽകുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കും.

 

ഇതിനുപുറമേ, 65 ഗുണഭോക്താക്കൾക്ക് സ്ഥിരമായി ഭക്ഷണ കിറ്റുകൾ നൽകുകയും വസ്ത്രം, കിടക്ക, കമ്പിളി, ഗ്യാസ് കണക്ഷൻ, വാക്കിംഗ് സ്റ്റിക്ക്, ബ്ലൈൻഡ് സ്റ്റിക്ക്, മരുന്നുകൾ, ഓണക്കിറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നഗരസഭ ഇതിനകം തന്നെ വിതരണം ചെയ്തിട്ടുണ്ട്. ഒരു കോടിയിലധികം രൂപയാണ് ഇതുവരെ പദ്ധതിക്കായി വിനിയോഗിച്ചിട്ടുള്ളത്. അതിദാരിദ്ര്യ വിമുക്തി ലക്ഷ്യമാക്കി നഗരസഭ രൂപപ്പെടുത്തിയ പ്രവർത്തനങ്ങൾ സാമൂഹിക ഉത്തരവാദിത്തത്തിന്റെ മികച്ച മാതൃകയായി മാറിയിട്ടുണ്ട്.

 

ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷയായ പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ്,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. റഷീദ്, ഷാമില ജുനൈസ്, നഗരസഭാ സെക്രട്ടറി സൈനുദ്ദീൻ, നോഡൽ ഓഫീസർ അനൂപ്, അസിസ്റ്റന്റ് നോഡൽ ഓഫീസർ സജു പി. എബ്രഹാം, സി.ഡി.എസ് ചെയർപേഴ്സൺ സുപ്രിയ അനിൽകുമാർ, ലിജി ജോൺസൺ എന്നിവർ സംസാരിച്ചു. നഗരസഭ പരിധിയിലെ അതിദാരിദ്ര ലിസ്റ്റിലുള്ള ഗുണഭോക്താക്കൾ, കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *