ദില്ലി: പിഎം ശ്രീയിൽ ചേർന്ന കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. എൻഇപിയുടെ ഭാഗമായ പദ്ധതി സ്കൂളുകളുടെ വികസനത്തിൽ നിർണായകമാകുമെന്നാണ് കേന്ദ്രം പറയുന്നത്. പിഎം ശ്രീയെ ചൊല്ലിയുള്ള വിവാദങ്ങൾ കേരളത്തിൽ കൊടുംപിരി കൊള്ളുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ കേരള സർക്കാരിനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്.
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചിട്ടുണ്ടന്ന ഔദ്യോഗിക സ്ഥരീകരണം കൂടിയാണ് ഇത്. എൻഇപിയുടെ ഭാഗമായ പദ്ധതിയിലൂടെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി വളർത്തിയെടുക്കുന്നതിനും പ്രവർത്തന മികവ് ഉയർത്തുന്നതിനും ഈ ഒരു പദ്ധതിയിലേക്കുള്ള കൂടിച്ചേരൽ നിർണായകമാകുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എക്സിൽ കുറിച്ചത്. ഈ പദ്ധതിയുടെ ഒരുമിച്ചുള്ള നടത്തിപ്പിലൂടെ കേരളത്തിന്റെ നിലവിലെ വിദ്യാഭ്യാസ നിലവാരത്തെ ഉയർത്താനാകുമെന്നും ഈ പ്രസ്താവനയിലൂടെ പറയുന്നുണ്ട്

