ജില്ലയിലെ രണ്ടാമത്തെ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് ഗ്രാമപഞ്ചായത്തായി മൂപ്പൈനാട്. സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഭൂമിശാസ്ത്ര, സാമൂഹിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ രീതിയിൽ ശേഖരിക്കുകയും, സൂക്ഷിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു സമഗ്ര സംവിധാനമായ ദൃഷ്ടി പോര്‍ട്ടലിലൂടെയാണ് ഡിജിറ്റൽവത്കരണം സാധ്യമാക്കിയത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അതിർത്തി, വാർഡ് അതിർത്തികൾ, കെട്ടിടങ്ങളുടെ സ്ഥാനം, തരം, വീടുകളിലെ സാമൂഹിക ആരോഗ്യ വിവരങ്ങൾ, വ്യാപാര സ്ഥാപനങ്ങളുടെ വിവരങ്ങൾ എന്നിവ കൃത്യമായ അളവുകളോടെ വിശദമായ വിവരങ്ങൾ ലഭിക്കും. റോഡുകൾ, പാലങ്ങൾ, കൾവേർട്ടുകൾ, ജലവിതരണം, ഡ്രെയിനേജ്, വൈദ്യുതി ലൈൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഫോട്ടോകൾ സഹിതം രേഖപ്പെടുത്തും. കെട്ടിട വിസ്തൃതി ലേസർ സർവേ വഴി കൃത്യമായി രേഖപ്പെടുത്തുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൾ നിലവിലുള്ള വിശദാംശങ്ങളുമായി താരതമ്യം ചെയ്യുന്നതിനാലും അനധികൃത നിർമ്മാണങ്ങൾ കണ്ടെത്താനും അനധികൃത ഉപയോഗവും വരുമാന നഷ്ടം തടഞ്ഞ് പ്രാദേശിക സ്ഥാപനങ്ങൾക്ക് വരുമാന വർധനവ് ഉറപ്പാക്കാം.
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ ഓരോ വീടുകളിലെയും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനാൽ, വിദ്യാഭ്യാസം, തൊഴിൽ, പെൻഷൻ, ആരോഗ്യവിവരങ്ങൾ തുടങ്ങി ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ അപ്രതീക്ഷിത ദുരന്തങ്ങളെ നേരിടാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭൂപ്രകൃതി, സ്ഥാനം എന്നിവയ്ക്കനുസരിച്ച് സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങൾ ഒഴിവാക്കാനും പരിസ്ഥിതി സംരക്ഷണ നടപടികൾ ആസൂത്രണം ചെയ്യുന്നതിനും ആവശ്യമായ ശാസ്ത്രീയ ഡാറ്റാബേസ് ദൃഷ്ടി പോർട്ടലിൽ ലഭ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ജി.ഐ.എസ് അധിഷ്ഠിത ദൃഷ്ടി വെബ് പോർട്ടൽ വികസിപ്പിച്ചത്.

