കമ്പളക്കാട്: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടേതാണെന്ന് സംശയിക്കുന്നു. കമ്പളക്കാട് ഒന്നാം മൈൽ റോഡിലുള്ള കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. പൂർണ്ണമായും കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ രണ്ട് കാലുകളും വയർ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. ഇത് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നു. സംഭവ സ്ഥലത്തുനിന്ന് പെട്രോൾ കൊണ്ടുവന്ന കുപ്പിയും ഒരു ബാഗും മദ്യക്കുപ്പിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ആത്മഹത്യയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.

