പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പിൽ ആദ്യ കിരീടം സ്വന്തമാക്കി ഹര്‍മന്‍പ്രീതും പോരാളികളും

നവി മുംബൈ: ഒടുവില്‍ കാത്തു കാത്തിരുന്ന ആ സ്വപ്‌നം സഫലമായി. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ടീം ഏകദിന ലോക ചാംപ്യന്‍മാരെന്ന അനുപമ നേട്ടം കൈയെത്തിപ്പിടിച്ചു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു വീഴ്ത്തിയാണ്   ഹര്‍മന്‍പ്രീത് കൗറും പോരാളികളും ലോകത്തിന്റെ നെറുകയില്‍ എത്തിയത്.

 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. പ്രോട്ടീസ് വനിതകളുടെ പോരാട്ടം 45.3 ഓവറില്‍ 246 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ജയവും കിരീടവും സ്വന്തമാക്കിയത്. 2005ലും 2017ലും ഫൈനലിലെത്തിയ ഇന്ത്യക്ക് രണ്ട് തവണയും കിരീടം കൈവിടേണ്ടി വന്നു. ഇത്തവണ സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ വീഴ്ത്തി ഫൈനലിലെത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കുയെ വെല്ലുവിളി അതിജീവിച്ചാണ് ചരിത്ര നേട്ടത്തിലെത്തിയത്.ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ട് സെഞ്ച്വറി നേടി. താരം 98 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 101 റണ്‍സെടുത്തു ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി.

ഒരു ഭാഗത്ത് താരം നിന്നപ്പോഴും മറുഭാഗത്ത് ഇന്ത്യ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി. 9.3 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ദീപ്തി ശര്‍മയാണ് ബൗളിങില്‍ തിളങ്ങിയത്. ബാറ്റിങില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം ഓള്‍ റൗണ്ട് മികവാണ് ഫൈനലില്‍ പുറത്തെടുത്തത്. ഇന്ത്യയുടെ ടോപ് സ്‌കോററായി മാറിയ ഷഫാലി വര്‍മയും ബൗളിങില്‍ മാന്ത്രികത പുറത്തെടുത്തു. നിര്‍ണായക ഘട്ടത്തില്‍ താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

 

35 റണ്‍സെടുത്ത അന്നേരി ഡെറക്‌സന്‍, 25 റണ്‍സെടുത്ത സന്‍ ലൂസ് എന്നിവരാണ് പിടിച്ചു നിന്ന മറ്റ് താരങ്ങള്‍. അപകടകാരിയായ നദീന്‍ ക്ലാര്‍കിനേയും ഇന്ത്യ സമര്‍ഥമായി പൂട്ടി. താരം 18 റണ്‍സുമായി മടങ്ങി.ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസ് വനിതകള്‍ക്കായി മികച്ച തുടക്കമാണ് ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ടും തസ്മിന്‍ ബ്രിറ്റ്സും ചേര്‍ന്നു നല്‍കിയത്. സഖ്യം 51 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. പത്താം ഓവറിലെ മൂന്നാം പന്തില്‍ ബ്രിറ്റ്സിനെ ഇന്ത്യ റണ്ണൗട്ടാക്കിയാണ് ബ്രേക്ക് ത്രൂ സ്വന്തമാക്കിയത്. താരത്തെ അമന്‍ജോത് കൗറാണ് റണ്ണൗട്ടാക്കിയത്. പിന്നാലെ വന്ന അനിക് ബോഷിനു അധികം ആയുസുണ്ടായില്ല. താരം പൂജ്യത്തിനു പുറത്തായി. ശ്രീ ചരണിയാണ് ബോഷിനെ ക്രീസില്‍ നിലയുറപ്പിക്കും മുന്‍പ് മടക്കിയത്.

 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. ഓപ്പണര്‍ ഷഫാലി വര്‍മ, ദീപ്തി ശര്‍മ എന്നിവര്‍ അര്‍ധ സെഞ്ച്വറികളുമായി ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ മുന്നില്‍ നിന്നു. സ്മൃതി മന്ധാന, റിച്ച ഘോഷ് എന്നിവരും നിര്‍ണായക സംഭാവന നല്‍കി. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്നു വൈകിയാണ് മത്സരം തുടങ്ങിയത്.ഓപ്പണര്‍ ഷഫാലി വര്‍മ നിര്‍ണായക പോരാട്ടത്തില്‍ ഫോമിലേക്ക് ഉയര്‍ന്നത് ഇന്ത്യക്ക് കരുത്തായി. താരത്തിനു അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി. 78 പന്തില്‍ 7 ഫോറും രണ്ട് സിക്സും സഹിതം ഷഫാലി 87 റണ്‍സുമായി മടങ്ങി.

 

ദീപ്തി ശര്‍മ 3 ഫോറും ഒരു സിക്സും സഹിതം 58 പന്തില്‍ 58 റണ്‍സെടുത്തു. താരം പുറത്താകാതെ നിന്നു. റിച്ച ഘോഷ് 24 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം 34 റണ്‍സ് സ്വന്തമാക്കി. ഇരുവരും ചേര്‍ന്ന സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 300നു അടുത്തെത്തിച്ചത്. അവസാന പന്തില്‍ രണ്ടാം റണ്ണിനോടി രാധ യാദവ് റണ്ണൗട്ടായതോടെ ഇന്ത്യന്‍ ഇന്നിങ്സിനു തിരശ്ശീല വീണു.

ഇന്ത്യക്ക് ഓപ്പണര്‍ സ്മൃതി മന്ധാനയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരം 58 പന്തില്‍ 8 ഫോറുകള്‍ സഹിതം 45 റണ്‍സെടുത്തു. സെമിയില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ജെമിമ റോഡ്രിഗ്സ് മൂന്നാം വിക്കറ്റായി പുറത്തായി. താരം 24 റണ്‍സെടുത്തു. നാലാം വിക്കറ്റായി മടങ്ങിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. 20 റണ്‍സാണ് ഹര്‍മന്‍ നേടിയത്.ആദ്യം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി മികച്ച തുടക്കമാണ് സ്മൃതി- ഷഫാലി സഖ്യം നല്‍കിയത്. അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്ത സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്. സ്‌കോര്‍ 104ല്‍ നില്‍ക്കെയാണ് സ്മൃതിയുടെ മടക്കം. ദക്ഷിണാഫ്രിക്കയ്ക്കായി അയബോംഗ ഖക 3 വിക്കറ്റുകള്‍ വീഴ്ത്തി. നോന്‍കുലുലേക മ്ലാബ, നദീന്‍ ഡി ക്ലാര്‍ക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *