കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ലഹരിവേട്ടയിൽ ആറര കോടിയോളം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി പിടിയിലായി. ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് അബ്ദുൽ സമദ് എന്നയാളെ കസ്റ്റംസ് പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് ഇയാൾ ബാങ്കോക്കിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്.
വിമാനത്താവളത്തിൽ നിന്ന് യുവാവ് പുറത്തിറങ്ങിയ ഉടനെ തന്നെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. അബ്ദുൽസമദിൻ്റെ കൈയിലുണ്ടായിരുന്ന പെട്ടി പരിശോധിച്ചപ്പോഴായിരുന്നു വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്. ആറര കിലോ കഞ്ചാവാണ് ചെറിയ പാക്കറ്റുകളിലാക്കി പെട്ടിയിൽ ഒളിപ്പിച്ചു വച്ചിരുന്നത്. ആറരകിലോ ഹൈബ്രിഡ് കഞ്ചാവിന് ആറര കോടിയോളം രൂപ വിലവരുമെന്നാണ് കസ്റ്റംസുകാർ പറയുന്നത്
രണ്ടാഴ്ച മുമ്പാണ് ഇയാൾ വിദേശത്തേക്ക് പോയതും. ആദ്യം വിയറ്റ്നാമിലേക്കും അവിടെ നിന്നു ബാങ്കോക്കിലേക്കും പോയ ശേഷമാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. അടുത്തകാലത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണ് ഇത്.

