മാനന്തവാടി ഉപജില്ലാ കലോത്സവത്തിന് തൊണ്ടർനാട് എം.റ്റി.ഡി.എം.എച്ച്.എസ്.എസിൽ തിരിതെളിഞ്ഞു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പഠനത്തോടൊപ്പം അവരിലെ കലാ-കായിക കഴിവുകൾ വികസിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും പ്രയോജനപ്പെടുത്തുകയാണ് കലോത്സവ, കായിക മത്സരങ്ങളിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേവലം ഗ്രേസ് മാർക്കിന് വേണ്ടിയാവരുത് കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കേണ്ടതെന്നും മറിച്ച് അവരുടെ കഴിവ് മനസിലാക്കിയാവണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങൾ നവംബര്‍ ഏഴിന് സമാപിക്കും.
തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷയായ പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമൻ, തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശങ്കരൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആമിന സത്താർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി ബിജിമോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ താരേഷ്, തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് അംഗം കെ.ജെ ഏലിയാമ്മ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്ര വ്യാസ്, എ.ഇ.ഒ എം. സുനിൽ കുമാർ, പി.ടി.എ പ്രസിഡന്റ് ടി മൊയ്തു, ഫാദർ ഫിലിപ്പ് മാത്യൂസ്, മാനേജ്മെന്റ് പ്രതിനിധി ഫാദർ സുബിൻ വർഗീസ്, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

