ജില്ലയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എന്യൂമറേഷൻ ഫോമിന്റെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആർ മേഘശ്രീ നിർവഹിച്ചു. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി പത്മശ്രീ ചെറുവയൽ രാമന്റെ വീട്ടിലെത്തി എന്യൂമറേഷൻ ഫോം കൈമാറി. തുടർന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് ഉദ്യോഗസ്ഥർക്ക് കൈമാറി. കൊടുമയിൽ ഉന്നതി ഊര് മൂപ്പൻ കൂപ്പിയ്ക്കും കുടുംബാംഗങ്ങൾക്കും കളക്ടർ എന്യൂമറേഷൻ ഫോം നൽകി. സിനിമ സംവിധായകൻ നിതിൻ ലൂക്കോസിന് സബ് കളക്ടർ അതുൽ സാഗർ എന്യൂമറേഷൻ ഫോറം നൽകി.
2002ലെ വോട്ടർ പട്ടിക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടത്തുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർത്ത മുഴുവൻ സമ്മതിദായകരുടെയും വീടുകളിൽ ബൂത്ത്തല ഓഫീസർമാരെത്തി എന്യൂമറേഷൻ ഫോം കൈമാറി വിവരശേഖരണം നടത്തും. ഡിസംബർ നാല് വരെയാണ് വിവര ശേഖരണം നടക്കുക. ഡിസംബർ ഒൻപതിന് പ്രാഥമിക വോട്ടർ പട്ടികയും 2026 ഫെബ്രുവരി ഏഴിന് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും. വിവര ശേഖരണത്തിനായി വീടുകളിലെത്തുന്ന ബി.എൽ.ഒമാർക്ക് രേഖകൾ ഒന്നും നൽകേണ്ടതില്ല. അസിസ്റ്റന്റ് കളക്ടർ പി.പി അർച്ചന, മാനന്തവാടി തഹസിൽദാർ പി.യു സിതാര, ഡെപ്യൂട്ടി തഹസിൽദാർ ജോബി ജെയിംസ്, ഇ.എൽ.സി ജില്ലാ കോഓഡിനേറ്റർ എസ് രാജേഷ്‌കുമാർ ആർ.ഡി.ഒ സീനിയർസൂപ്രണ്ട് വി.ആർ ജയപ്രകാശ്, ബി.എൽ.ഒ വി.വി വിജിൽ എന്നിവർ പങ്കെടുത്തു.

