കൊച്ചി: മുസ്ലിം പുരുഷന്‍റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ആദ്യ ഭാര്യ രണ്ടാം വിവാഹത്തെ എതിർത്താൽ വിവാഹ രജിസ്ട്രേഷൻ അനുവദിക്കരുത് എന്നും കോടതി നിർദ്ദേശിച്ചു.
രണ്ടാം വിവാഹ രജിസ്ട്രേഷൻ നിഷേധിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ കണ്ണൂർ സ്വദേശികൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മത നിയമങ്ങൾ അല്ല, ഭരണഘടനയാണ് മുകളിലെന്നും കോടതി പറഞ്ഞു. വിവാഹ രജിസ്ട്രേഷൻ അപേക്ഷ നിരസിച്ച പഞ്ചായത്തിന്‍റെ നടപടിക്കെതിരെ കണ്ണൂർ കരുമത്തൂർ സ്വദേശിയും രണ്ടാം ഭാര്യയും സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ തള്ളിയത്.

