ഇനി പ്രൊമോഷണല്‍ കോളുകള്‍ക്ക് ഗുഡ്‌ബൈ!, ഫോണ്‍ വിളിച്ച് ശല്യം ചെയ്താല്‍ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ; നടപടി കടുപ്പിക്കാന്‍ കേന്ദ്രം.

ന്യൂഡല്‍ഹി:ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ വരുന്ന പ്രൊമോഷണല്‍ കോളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയും ഉപഭോക്തൃ അവകാശങ്ങളും സംരക്ഷിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

 

നിലവില്‍ വിവിധ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രൊമോഷനുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ക്ക് നിരവധി കോളുകള്‍ വരുന്നുണ്ട്. പലപ്പോഴും ഇത് ശല്യമാകുന്നതായി ഉപയോക്താക്കളുടെ ഭാഗത്ത് നിന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

 

രജിസ്റ്റര്‍ ചെയ്യാത്ത ഫോണ്‍ നമ്പറുകളില്‍ നിന്നുള്ള ഇത്തരത്തിലുള്ള അനാവശ്യ കോളുകള്‍ വിളിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്താനാണ് ആലോചന. കൂടാതെ വ്യാപാരരംഗത്ത് തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കമ്പനികളെ ലേബല്‍ ചെയ്യാനും വ്യവസ്ഥ ചെയ്യും. ഉപഭോക്താക്കളുടെ അവകാശങ്ങളെയും സ്വകാര്യതയെയും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്താനുള്ള നീക്കം രാജ്യത്ത് ആദ്യമാണ്.

രജിസ്റ്റര്‍ ചെയ്യാത്ത നമ്പറുകളിലൂടെ ആളുകളെ ബന്ധപ്പെടുന്ന ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍, ബ്രോക്കര്‍മാര്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയെ ഒന്നടങ്കം ഉള്‍പ്പെടുത്തി കൊണ്ടാണ് മാര്‍ഗനിര്‍ദേശം വരുന്നത്. ഇത്തരം നമ്പറുകളും കോളിന്റെ ഉദ്ദേശ്യവും തിരിച്ചറിയാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനായി മൂന്ന് വ്യത്യസ്ത നമ്പറുകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. മാര്‍ക്കറ്റിംഗിന് ‘140’, സേവന കോളുകള്‍ക്ക് ‘160’, പൗരന്മാരെ അറിയിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന ആശയവിനിമയത്തിന് ‘111’എന്നിങ്ങനെയാണ് നമ്പറുകള്‍.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *