ഡിജിറ്റല്‍ അറസ്റ്റ് കേസില്‍ സുപ്രീം കോടതി; സി ബി ഐ അന്വേഷിക്കണം

ന്യൂഡല്‍ഹി : രാജ്യത്തെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ ആവശ്യമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടാമെന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. നിക്ഷേപ തട്ടിപ്പുകള്‍, പാര്‍ട്ട് ടൈം ജോലി തട്ടിപ്പുകള്‍ പോലുള്ള മറ്റ് സൈബര്‍ തട്ടിപ്പുകള്‍ സി ബി ഐ അന്വേഷണത്തിന് വിടുന്നത് അടുത്ത ഘട്ടങ്ങളില്‍ പരിഗണിക്കും.

ഡിജിറ്റല്‍ അറസ്റ്റ്, നിക്ഷേപ തട്ടിപ്പ്, പാര്‍ട്ട് ടൈം ജോലി തട്ടിപ്പുകള്‍ എന്നിവയാണ് രാജ്യത്തെ മൂന്ന് തരം സൈബര്‍ കുറ്റകൃത്യങ്ങളെന്ന് കേസിലെ അമിക്കസ്‌ക്യൂറി ചൂണ്ടിക്കാണിച്ചതായി ബഞ്ച് പറഞ്ഞു. അന്വേഷണം ഫലപ്രദമാക്കുന്നതിന് സി ബി ഐ അന്വേഷണത്തിന് സംസ്ഥാനങ്ങള്‍ അനുമതി നല്‍കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. എല്ലാ മന്ത്രാലയങ്ങളില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു. അടുത്ത വാദം കേള്‍ക്കലില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിനോട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. കേസ് ഈ മാസം 16ന് വീണ്ടും പരിഗണിക്കും.

 

നിര്‍ദേശങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റ്_തട്ടിപ്പുകള്‍ക്കായി ബേങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ടെങ്കില്‍,അതില്‍ ബേങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ അവ സി ബി ഐക്ക് അഴിമതി നിരോധന നിയമപ്രകാരം സ്വതന്ത്രമായി അന്വേഷിക്കാന്‍ കഴിയും. സംശയാസ്പദമായ ബേങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിനും നിയമവിരുദ്ധ പണം മരവിപ്പിക്കുന്നതിനും നിര്‍മിത ബുദ്ധി (എ ഐ) അല്ലെങ്കില്‍ മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമോ എന്ന് കണ്ടെത്താന്‍ കോടതിയെ ആര്‍ ബി ഐ സഹായിക്കണം. 2021ലെ ഐ ടി ഇന്റര്‍മീഡിയറി ചട്ടങ്ങള്‍ക്ക് കീഴില്‍ വരുന്ന സാമൂഹിക മാധ്യമ ഏജന്‍സികള്‍ ആവശ്യമുള്ളപ്പോഴെല്ലാം സി ബി ഐയുമായി സഹകരിക്കണം.സിം കാര്‍ഡുകള്‍ നല്‍കുന്നതില്‍ ടെലികോം കമ്പനികള്‍ക്ക് ഗുരുതര വീഴ്ചകളുണ്ടെന്ന് കണ്ടെത്തിയാല്‍ അത്തരം ദുരുപയോഗം തടയുന്നതിനുള്ള നടപടികള്‍ ടെലികോം വകുപ്പ് നിര്‍ദേശിക്കണം.

സെബര്‍ തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ട ഹരിയാനയില്‍ നിന്നുള്ള പ്രായമായ ദമ്പതികള്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പരിഗണിച്ച് സ്വമേധയാ എടുത്ത കേസില്‍ ഡിജിറ്റല്‍ അറസ്റ്റ് കേസുകള്‍ സി ബി ഐക്ക് കൈമാറുമെന്ന് ഒക്ടോബറില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഡിജിറ്റല്‍ അറസ്റ്റ് വിവരങ്ങള്‍ തേടി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *