കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിചാരണ കോടതി ഇന്ന് പ്രഖ്യാപിക്കും. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിക്കും. എന്നാൽ പ്രതികൾ ഏഴര വർഷം വരെ തടവുശിക്ഷ അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നാണ് പ്രതിഭാഗം നിലപാട്. ശിക്ഷാവിധി ഇന്ന് തന്നെ പ്രഖ്യാപിച്ചാൽ കേസിൽ ദിലീപിനെ വെറുതെ വിട്ട വിധി പകർപ്പും ഇന്നുതന്നെ പുറത്ത് വന്നേക്കും.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ ദിലീപിന് പങ്കില്ലെന്ന് വിചാരണ കോടതി ഉത്തരവിട്ടതിന് പിന്നാലെ അന്വേഷണ സംഘത്തിനെതിരെ പുതിയ പോർമുഖം തുറന്നിരിക്കുകയാണ് ദിലീപ്. ദിലീപിനെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ നേരിട്ടുള്ള തെളിവുകളും സാഹചര്യ തെളിവുകളും എന്തുകൊണ്ട് കോടതി തള്ളിയെന്ന ചർച്ചകൾ സജീവമാകുന്നതിനിടെ ആണ് കുറ്റക്കാരെന്ന് തെളിഞ്ഞ ആറ് പ്രതികളുടെയും ശിക്ഷ കോടതി പറയുന്നത്. ദിലീപ് ഉൾപ്പെടെ നാല് പ്രതികളെ കോടതി വെറുതെ വിട്ടെങ്കിലും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പേർക്കെതിരെയുമുള്ള കുറ്റം തെളിഞ്ഞു. അതിനാൽ ഈ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കാനുള്ള ശക്തമായ നിലപാട് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.

