എസ്.ഐ.ആർ: എന്യൂമറേഷൻ നാളെ അവസാനിക്കും, തിരികെയെത്താൻ 19,460 ഫോമുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് സമർപ്പിക്കുന്നതിനുള്ള അവസാന സമയം വ്യാഴാഴ്ച അവസാനിക്കും. നവംബർ നാല് മുതൽ ഡിസംബർ നാല് വരെയായിരുന്നു ആദ്യം നിശ്ചയിച്ച സമയമെങ്കിലും സർക്കാർ സമ്മർദങ്ങളുടെയും കോടതി ഇടപെടലുകളുടെയും ഫലമായി ഡിസംബർ 18 വരെ സമയപരിധി നീട്ടുകയായിരുന്നു. സംസ്ഥാനത്താകെ 2.78 കോടി വോട്ടർമാർക്കാണ് എന്യൂമറേഷൻ ഫോം തയാറാക്കിയത്. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം നടപടികൾ പൂർത്തിയാക്കി അപ്ലോഡ് ചെയ്‌ത ഫോമുകളുടെ എണ്ണം 2.77 കോടിയാണ്. 19,460 ഫോമുകളാണ് ഇനി മടങ്ങിയെത്താനുള്ളത്.

 

അപ്ലോഡ് ചെയ്ത 2.77 കോടിയിൽ 25.08 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ല. ഇവരിൽ എട്ട് ലക്ഷത്തോളം മരിച്ചവരുടെയും ഇരട്ടിപ്പായി പട്ടികയിൽ ഉൾപ്പെട്ടവരുടെയും പേരുകളാണ്. ശേഷിക്കുന്ന 17 ലക്ഷത്തോളം പേരാണ് സ്ഥിരമായി താമസം മാറിപ്പോയവരോ അല്ലെങ്കിൽ വീട് അടഞ്ഞുകിടക്കുന്നതിനാൽ കണ്ടെത്താനാകാത്തവരോ ആയി ഉള്ളത്. ഡിസംബർ 23ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 23 മുതൽ ജനുവരി 22 വരെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാം. അതേ സമയം ഡിസംബർ 23 മുതൽ തന്നെ ഹിയറിങ് ആരംഭിക്കും. ഫെബ്രുവരി 14 വരെ ഹിയറിങ് നടക്കും. ഫെബ്രുവരി 21 നാണ് അന്തിമ പട്ടിക. എന്യൂമറേഷൻ അവസാനിക്കുന്നത് കണക്കിലെടുത്ത് ജില്ലകളിൽ കലക്‌ടർമാർ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിരുന്നു. ഭൂരിഭാഗം ബൂത്തുകളും ബി.എൽ.ഒമാർ ബി.എൽ.എമാരുടെ യോഗം വിളിച്ചതായും കണ്ടെത്താനാകാത്തവരുടെ പട്ടിക കൈമാറിയതായും കലക്ട‌ർമാർ സി.ഇ.ഒക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന സ്ഥലങ്ങളിൽ ബുധനാഴ്ച തന്നെ ബി.എൽ.ഒ-ബി.എൽ.എ യോഗം ചേരും. കണ്ടെത്താനാകാത്തവരുടെ പട്ടിക ബി.എൽ.ഒമാർ ബി.എൽ.എമാർക്ക് കൈമാറുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കണമെന്നാണ് സി.ഇ.ഒ രത്തൻ യു.ഖേൽക്കറുടെ നിർദേശം. പട്ടിക സംബന്ധിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംശയമുന്നയിച്ച സാഹചര്യത്തിലാണ് ഈ നിർദേശം. കണ്ടെത്താനാകാത്തവരുടെ പട്ടിക എസ്.ഐ.ആർ കരട് പട്ടികക്കൊപ്പം പ്രസിദ്ധീകരിക്കും. കരട് പട്ടിക വന്ന ശേഷം കണ്ടെത്താനാകാത്തവരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് എസ്.ഐ.ആറിന്റെ ഭാഗമാകണമെങ്കിൽ ഫോം 7 സമർപ്പിക്കണം. അതേസമയം, അന്തിമ പട്ടികക്ക് ശേഷമാണെങ്കിൽ പുതുതായി പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6 നൽകണം.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *