കൽപ്പറ്റ: സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ അപ്പറ്റൈറ്റ്’ എന്ന പേരിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. വയനാട് ജില്ലയിൽ അസി. കമ്മിഷണർ ഒഫീസ്, മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ ഭക്ഷ്യ സുരക്ഷ സർക്കിൾ ഓഫീസുകളുലുമാണ് വിജിലൻസ് പരിശോധന നടത്തിയത്.
ഹോട്ടലുകൾക്ക് നൽകുന്ന രജിസ്ട്രേഷനിലും ലൈസൻസിലും ക്രമക്കേടുണ്ടെന്ന രീതിയിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്ഥാപനങ്ങൾ ലൈസെൻസ് എടുക്കാതെ രെജിസ്ട്രേഷൻ മാത്രം പുതുക്കിവരുന്നതായും, ലൈസൻസുള്ള സ്ഥാപനങ്ങൾ സർക്കാരിലേക്കുള്ള ഫീസ് നടക്കാതെ സൗജന്യ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതായും, ആയതിനു ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. മായം ചേർത്തതായി ലാബ് റിസൾട്ട് വന്ന കേസുകളിൽ നടപടി വൈകിക്കുന്നതയും വിജിലൻസ് കണ്ടെത്തി. പരിശോധനയ്ക്ക് ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നിർദ്ദേശ പ്രകാരം ഇൻസ്പെക്‌ടർ മാരായ എ.യു ജയപ്രകാശ്, ടി. മനോഹരൻ, സജീവ്, സാംജിത്ത് ഖാൻ എന്നിവർ പങ്കെടുത്തു.
ഭക്ഷ്യ സാമ്പിളുകളിലെ ഗുണനിലവാര പരിശോധനയിൽ കാലതാമസം വരുത്തുന്നു, ഹോട്ടൽ ഹൈജീനിക് റേറ്റിംഗ് സംവിധാനം അട്ടിമറിക്കാനും ശ്രമം നടക്കുന്നുതുടങ്ങിയ വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിലടക്കം 67 ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.