അങ്കണവാടികളും ഇനി സ്‌കൂളിന്റെ ഭാഗം, 6-ാം വയസില്‍ ഒന്നാം ക്ലാസ്; സമഗ്രമാറ്റത്തിന് കളമൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് വഴിയൊരുങ്ങുന്നു. അങ്കണവാടികള്‍ അടക്കമുള്ള പ്രീ സ്‌കൂളുകള്‍ ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസിലാക്കുന്നതിന് മുന്നോടിയായാണ് നീക്കം. മൂന്ന് വയസ് മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കാവുന്ന വിധത്തില്‍ പ്രീ സ്‌കൂളിനു പൊതുചട്ടക്കൂടുണ്ടാക്കും.

 

ഇതിനായി പൊതുവിദ്യാഭ്യാസ, വനിത-ശിശുക്ഷേമ വകുപ്പുകളെ ചുമതലപ്പെടുത്തി. ഏകീകൃത മാനദണ്ഡം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ അങ്കണവാടികളെല്ലാം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാവും. പൊതുവിദ്യാഭ്യാസ വകുപ്പിലെ എസ് സി ഇ ആര്‍ ടിയുടെ നേതൃത്വത്തില്‍ പ്രീ സ്‌കൂളിനുള്ള പൊതുപാഠ്യപദ്ധതി തയ്യാറാക്കി വരികയാണ്നിലവില്‍ 53 സര്‍ക്കാര്‍ സ്‌കൂള്‍ ഉള്‍പ്പെടെ എല്‍ കെ ജിയും യു കെ ജിയും ക്ലാസുള്ള 2200 സ്‌കൂളുകളുണ്ട്. 33,000-ത്തിലേറെ അങ്കണവാടികളും. അടുത്ത അധ്യയന വര്‍ഷം തൊട്ട് അങ്കണവാടികളിലും എല്‍ കെ ജി, യു കെ ജി ക്ലാസിലും പൊതുപാഠ്യപദ്ധതി നടപ്പാക്കാനാണ് നീക്കം. അങ്കണവാടികളെ അതേപടി നിലനിര്‍ത്തി കൊണ്ട് തന്നെ പ്രീ സ്‌കൂള്‍ ഇല്ലാത്ത പൊതുവിദ്യാലയങ്ങളുമായി പ്രവര്‍ത്തനം സംയോജിപ്പിക്കും.

 

പ്രീ സ്‌കൂളോ അനുബന്ധ അങ്കണവാടിയോ ഇല്ലെങ്കില്‍ അഞ്ച് വയസായവര്‍ക്കുവേണ്ടി ദേശീയ വിദ്യാഭ്യാസനയം (എന്‍ഇപി) നിര്‍ദേശിക്കുന്നതുപോലെ സ്‌കൂളിന്റെ ഭാഗമായി ‘ബാലവാടിക’ വേണ്ടി വരും. ആറ് വയസ് പൂര്‍ത്തിയായാലേ ഒന്നാം ക്ലാസില്‍ പ്രവേശിപ്പിക്കാനാകൂ. ആറ് വയസ് എന്ന എന്‍ ഇ പി നിബന്ധന അധ്യാപക തസ്തികയെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി കേരളത്തില്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല.

 

ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്നവരില്‍ 50 ശതമാനത്തിലേറെ കുട്ടികള്‍ ആറ് വയസ് കഴിഞ്ഞവരായിരുന്നു. അടുത്ത അധ്യയന വര്‍ഷം കൂടി ഇതേ സ്ഥിതി തുടര്‍ന്ന്, 2027-28 അധ്യയനവര്‍ഷം ആറ് വയസാക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം ഉത്തരവിറക്കും. സ്വകാര്യ പ്രീ-പ്രൈമറി സ്‌കൂളുകളെ നിയന്ത്രിക്കുന്നതിനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് പരിഷ്‌കാരം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *