കാനഡ: അടിയന്തര ചികിത്സ ലഭിക്കാതെ 8 മണിക്കൂറില്‍ അധികം ആശുപത്രിയിലെ വെയിറ്റിംഗ് റൂമിൽ കാത്തിരിക്കേണ്ടി വന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. 44 വയസ്സുകാരനായ പ്രശാന്ത് ശ്രീകുമാറാണ് മരിച്ചത്. കാനഡയിലെ എഡ്മന്റണിലാണ് സംഭവം. കാനഡയിലെ ആരോഗ്യ സംവിധാനങ്ങളുടെ പതുക്കെ പോക്കിനെ പറ്റിയ വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ് ഈ സംഭവം കാരണം.
ഡിസംബർ 22ന് ജോലി സ്ഥലത്ത് വെച്ച് കഠിനമായ നെഞ്ചുവേദന അനുഭവപെട്ടപ്പോള്‍ പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെ വെയിറ്റിംഗ് റൂമിൽ പിതാവ് കുമാർ ശ്രീകുമാറിനൊപ്പം മണിക്കൂറുകളോളമാണ് പ്രശാന്ത് ചികിത്സയ്ക്കായി കാത്തിരുന്നത്. ഈ സമയത്ത് “പപ്പാ, എനിക്ക് ഈ വേദന സഹിക്കാൻ കഴിയുന്നില്ല” എന്ന് കരഞ്ഞുകൊണ്ട് പ്രശാന്ത് പിതാവിനോട് പറയുന്നുണ്ടായിരുന്നു. താൻ അതിതീവ്രമായ വേദനയാണ് അനുഭവിക്കുന്നതെന്ന് പലതവണ പ്രശാന്ത് ജീവനക്കാരോട് പറഞ്ഞിട്ടും, ടൈലനോൾ എന്ന സാധാരണ വേദനസംഹാരി നൽകി കാത്തിരിക്കാൻ ആവശ്യപ്പെടുക ആയിരുന്നു.
സമയം കടന്നുപോകുന്തോറും പ്രശാന്തിൻ്റെ രക്തസമ്മർദ്ദം അപകടകരമായ രീതിയിൽ ഉയർന്നു. ഒടുവിൽ 8 മണിക്കൂർ പിന്നിട്ട ശേഷം പരിശോധനാ മുറിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും കസേരയിൽ ഇരുന്ന ഉടനെ അദ്ദേഹം നെഞ്ചിൽ കൈവെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. നഴ്‌സുമാർ സിപിആർ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും 3 ചെറിയ കുട്ടികളുമടങ്ങുന്നതാണ് പ്രശാന്തിന്റെ കുടുംബം


