കൊച്ചി:പുതുവര്‍ഷാശംസകള്‍ നേര്‍ന്ന് കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മെസേജ് ചെയ്യുന്ന തിരക്കിലായിരിക്കും എല്ലാവരും. തിരിച്ചും ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരുടെ സന്ദേശങ്ങളാണ് ലഭിക്കുന്നത്. സ്വാഭാവികമായി വരുന്ന ഇത്തരം സന്ദേശങ്ങളില്‍ ചിലതില്‍ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നാണ് ഐടി വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഫോണില്‍ പരിചയമുള്ളതും ഇല്ലാത്തതുമായ നമ്പറുകളില്‍നിന്ന് ‘ഹാപ്പി ന്യൂ ഇയര്‍’ എന്ന് ടൈപ്പ് ചെയ്ത സന്ദേശങ്ങളുടെ കുത്തൊഴുക്കായിരിക്കും വരും മണിക്കൂറുകളില്‍. ഇത്തരം സന്ദേശങ്ങള്‍ വരുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. പുതുവത്സരാശംസകള്‍ എന്ന വ്യാജേനയുള്ള ലിങ്കുകള്‍ വഴി എപികെ ഫയലുകള്‍ അയച്ച് ഫോണ്‍ ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായാണ് പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
പുതുവത്സരാശംസകളുടെയോ പുതുവത്സര സമ്മാന വാഗ്ദാനങ്ങളുടെയോ പേരിലാണ് സൈബര്‍ ക്രിമിനലുകള്‍ ഇത്തരം വ്യാജ സന്ദേശങ്ങള്‍ അയച്ച് മുതലെടുക്കുന്നത്. എസ്എംഎസ്, വാട്‌സ്ആപ്പ്, സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍, ഇ- മെയില്‍ എന്നിവ വഴിയാണ് സന്ദേശങ്ങളയക്കുന്നത്. ഇതില്‍ ‘NewYear.apk’ എന്ന് പേരുള്ള സംശയാസ്പദമായ ലിങ്കുകളോ ഫയലുകളോ അടങ്ങിയിരിക്കും.
ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ എപികെ ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ മൊബൈല്‍ ഫോണും സന്ദേശമയയ്ക്കുന്ന ആപ്പുകള്‍ ഉള്‍പ്പെടെയുള്ളവയും തട്ടിപ്പുകാരന്റെ നിയന്ത്രണത്തിലാകും. ഇതുവഴി തട്ടിപ്പുകാരന് വ്യക്തിഗത വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍ എന്നിവ ചോര്‍ത്താനും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പ്രവേശിക്കാനും സാധിക്കും. അപരിചിതമോ സംശയാസ്പദമോ ആയ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും മെസേജിങ് ആപ്പുകള്‍ വഴി വരുന്ന എപികെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും സൈബര്‍ വിഭാഗം നിര്‍ദേശിക്കുന്നു
.


