അഡ്രിയാന്‍ ലൂണയ്ക്ക് പിന്നാലെ കൂടുതല്‍ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നു

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതമായി നീളുന്നതിനിടെ കേരള ബ്ലാസ്റ്റ്‌ഴ്‌സ് വന്‍ പ്രതിസന്ധിയിലേക്ക്. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയ്ക്ക് പിന്നാലെ കൂടുതല്‍ വിദേശതാരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുകയാണ്. സെപ്റ്റംബറില്‍ തുടങ്ങേണ്ടിയിരുന്ന ഐ എസ് എല്‍ പന്ത്രണ്ടാം സീസണില്‍ ഇനി എന്ന് പന്തുരുളുമെന്ന് ആര്‍ക്കും വ്യക്തതയില്ല. സംപ്രേഷണ അവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് പിന്‍മാറിയ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് പകരക്കാരെ കണ്ടെത്താന്‍ കഴിയാതെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍.

ബദല്‍ മാര്‍ഗങ്ങള്‍ക്കായി കൊണ്ടു പിടിച്ച ശ്രമങ്ങളുണ്ടെങ്കിലും ഒന്നും കരപറ്റുന്നില്ല. ഇതിനിടെയാണ് ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയും പോര്‍ച്ചുഗല്‍ താരം തിയാഗോ ആല്‍വസും കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത്. തിയാഗോ ആല്‍വസ് വെറും 68 മിനിറ്റ് മാത്രം കളിച്ച്‌ ടീമിനോട് ബൈ പറഞ്ഞപ്പോള്‍ 2027 വരെ കരാര്‍ ബാക്കി നില്‍ക്കേയാണ് ആരാധകരുടെ പ്രിയതാരമായ അഡ്രിയന്‍ ലൂണ പുതിയ തട്ടകം തേടിയത്. നോഹ സദോയി, കോള്‍ഡോ ഒബിയേറ്റ, ഡുസാന്‍ ലഗാറ്റോര്‍, യുവാന്‍ റോഡ്രിഗസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സില്‍ ശേഷിക്കുന്ന വിദേശ താരങ്ങള്‍.

 

ഇവരും ലൂണയുടേയും തിയാഗോയുടെയും പാതപിന്തുടരാനുള്ള ശ്രമത്തില്‍. അനിശ്ചിതമായി കളിക്കളത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് പ്രകടനത്തേയും കരിയറിനേയും ബാധിക്കുമെന്നതിനാല്‍ ജനുവരിയിലെ മിഡ്‌സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലുടെ പുതിയ ക്ലബുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് താരങ്ങള്‍. പോകുന്നവരെ പിടിച്ചുനിര്‍ത്തില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ ഇന്ത്യന്‍ താരങ്ങളും സാധ്യമായ വിദേശ ലീഗുകളില്‍ കളിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

കളിക്കാര്‍ മാത്രമല്ല പരിശീലക സംഘവും പുതിയ അവസരങ്ങള്‍ തേടുന്നുണ്ട്. ജീവനക്കാരില്‍ മിക്കവരും പേരും ക്ലബ് വിട്ടുകഴിഞ്ഞു. ശേഷിക്കുന്നരുടെ ഭാവിയും അനിശ്ചിതത്വത്തില്‍. കടുത്ത നടപടികള്‍ക ഉണ്ടാവുമെന്ന് ക്ലബ് മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, ഐ എസ് എല്ലിലെ മറ്റ് ക്ലബുകളു സമാന അവസ്ഥയിലൂടെ കടന്നുപോകുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *