തിരുവനന്തപുരം:സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സർക്കാർ / എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും, അധ്യാപകരുടെ സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കെ എസ് ടി എ സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
കോടതിവിധി സംബന്ധിച്ച് സുപ്രീംകോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് ഇക്കാര്യത്തിൽ വേഗത്തിൽ നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നും കെ എസ് ടി എ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
നിലവിലുള്ള സർക്കാർ ഉത്തരവ് പ്രകാരം സർവീസിൽ തുടരുന്ന അധ്യാപകർക്ക് പരീക്ഷയെഴുതാൻ അവസരങ്ങൾ പോലും നൽകാതെ സ്ഥാനക്കയറ്റം നിഷേധിക്കുന്നത് ശരിയല്ല. സർവീസിലുള്ള അധ്യാപകർക്കായി പ്രത്യേക പരീക്ഷ നടത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്തുത പരീക്ഷയെഴുതാൻ അധ്യാപകർ തയ്യാറെടുക്കുന്നതിനിടയിലാണ് ഈ ഉത്തരവിറങ്ങിയത്. ഇത് മേഖലയിൽ ആശങ്ക പടർത്തുന്നുണ്ട്. സുപ്രീംകോടതി വിധി വരുന്നതിനുമുമ്പ് തന്നെ പ്രമോഷൻ ലഭിക്കുകയും വകുപ്പിൻ്റെ അനാസ്ഥകൊണ്ട് അംഗീകാരം ലഭിക്കാതിരിക്കുകയും ചെയ്യുന്നവയിലും അധ്യാപകരുടെ അവകാശങ്ങൾ നിഷേധിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. പ്രത്യേക ടെറ്റ് പരീക്ഷ നടത്തിപ്പ് വേഗത്തിലാക്കണമെന്നും ഈ ഉത്തരവിലെ നിർദ്ദേശങ്ങൾ പുനഃപരിശോധിക്കണമെന്നും കെ എസ് ടി എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു


