തിരുവനന്തപുരം:വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തില്‍ പുതിയ വോട്ടർക്കുള്ള ഓണ്‍ലൈൻ അപേക്ഷയില്‍ തിരുത്തലുകള്‍ക്ക് അവസരമുണ്ടാകില്ല. ഫോം ആറ് വഴി അപേക്ഷ നൽകുമ്പോൾ പിഴവ് സംഭവിച്ചാല്‍ ബിഎല്‍ഒയുടെ ഫീല്‍ഡ് വെരിഫിക്കേഷനിലായിരിക്കും തിരുത്തലുകള്‍ സാധ്യമാകുക.പിഴവ് സംഭവിച്ചെന്ന് കരുതി ഫോം ആറ് വഴി വീണ്ടും അപേക്ഷ നല്‍കിയാല്‍ അപേക്ഷ നിരസിക്കാൻ വരെ കാരണമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
24,08,503 പേരാണ് എസ്‌ഐആർ കരട് പട്ടികയില്‍ നിന്ന് പുറത്തുപോയത്. ഇതില്‍ 6,49,885 പേർ മരിച്ചവരെന്നാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ കണക്ക്. പട്ടികയില്‍ നിന്ന് പുറത്തുപോയവർക്കിനി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഹിയറിങ്ങോ മറ്റ് ഓർമപ്പെടുത്തലുകളോ ഉണ്ടാകില്ല. ഇവർക്ക് വോട്ടർ പട്ടികയില്‍ കയറിപ്പറ്റണമെങ്കില്‍ ഫോം ആറ് വഴി പുതിയ വോട്ടർമാരെപ്പോലെ അപേക്ഷ നല്‍കണം.
ഇങ്ങനെ അപേക്ഷ സമർപ്പിക്കുമ്പോൾ പിഴവുകള്‍ സംഭവിച്ചാല്‍ എഡിറ്റ് ചെയ്യാൻ കമ്മീഷന്റെ വെബ് സൈറ്റില്‍ ഓപ്ഷനില്ല. പിഴവുകള്‍ തിരുത്തി വീണ്ടും ഫോം ആറ് വഴി അപേക്ഷ നല്‍കുന്നത് പരിഗണിക്കില്ല. അതത് ഏരിയയിലെ ഫീല്‍ഡ് വെരിഫിക്കേഷനില്‍ ബിഎല്‍ഒമാർ മുഖേനെയാകും പിന്നീട് തെറ്റ് തിരുത്താൻ അവസരമുണ്ടാകുക. മതിയായ വിവരങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി അന്തിമ പട്ടികയില്‍ നിന്ന് പുറത്തുപോയാല്‍ മാത്രമേ വീണ്ടും ഫോം ആറ് വഴി അപേക്ഷ നല്‍കാനാകൂ.
കരട് പട്ടിക പ്രസിദ്ധീകിച്ച ശേഷം 76,965ഫോമുകളാണ് വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിന് ലഭിച്ചത്. പ്രവാസി വോട്ടർമാരുടെ പേര് ചേർക്കുന്നതിനായി 21,792ഫോമുകളും പേര് ഒഴിവാക്കുന്നതിന് 375 ഫോമുകളും തെരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ട് ലഭിച്ചു. കരട് പട്ടികയില്‍ഉള്‍പ്പെട്ടിട്ടും 2002ലെ പട്ടികയുമായി മാപ്പിങ് ചെയ്യാത്തവർക്കുള്ള ഹിയറിങ്ങിന് നോട്ടീസ് നല്‍കുന്ന നടപടി പുരോഗമിക്കുകയാണ്. ഹിയറിങ്ങിന് ഹാജരാകുന്നതിന്റെ ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന് കമ്മീഷന്റെ നിർദേശമുണ്ട്.


