തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമര്‍ദ്ദമായും തുടര്‍ന്ന് ശക്തി കൂടിയ ന്യുനമര്‍ദ്ദമായും മാറുന്നതാണ് കേരളത്തില്‍ മഴയ്ക്ക് കാരണമാകുന്നത്.
ന്യുനമര്‍ദ്ദം വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശ്രീലങ്ക ഭാഗത്ത് എത്തിയേക്കും. അതിനാല്‍ ഈ ദിവസങ്ങളില്‍ തമിഴ്‌നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. തെക്കന്‍ തമിഴ്‌നാട് മേഖലയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട് എന്നും വെള്ളിയാഴ്ച മുതല്‍ കേരളത്തിലും, പ്രത്യേകിച്ച് മധ്യ തെക്കന്‍ ജില്ലകളില്‍ മഴയ്്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ വരെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
വ്യാഴാഴ്ച തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു


