തിരുവനന്തപുരം:അശ്വമേധം 7.0 കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശനത്തിന് സംസ്ഥാനത്ത് തുടക്കം. ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിർവഹിച്ചു.കൃത്യമായ ചികിത്സയിലൂടെ കുഷ്ഠ രോഗം പൂര്‍ണമായും ഭേദമാക്കാനാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒരു വര്‍ഷത്തെ ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കാവുന്നതാണെന്നും, സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ അശ്വമേധം 7.0 കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2024-25 കാലയളവില്‍ സംസ്ഥാനത്ത് 368 ആളുകളില്‍ പുതിയതായി കുഷ്ഠരോഗം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 521 രോഗികള്‍ ചികിത്സയിലുണ്ട്. സമൂഹത്തില്‍ ആരിലെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരംഭത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.


