കൊച്ചി:പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ഉന്നയിച്ചു ബ്രാൻഡ് അംബാസഡർ ആയ നടൻ മോഹൻലാലിനെതിരെ ഉപഭോക്താവ് നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് പരാതിക്കാരും ബ്രാൻഡ് അംബാസിഡറായിരുന്ന മോഹൻലാലും തമ്മിൽ നേരിട്ട് ഒരിടപാടും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ കേസ് റദ്ദാക്കിയത്.
പരസ്യത്തിൽ വാഗ്ദാനം ചെയ്തതുപോലെ വായ്പ ബാങ്കിൽ നിന്നു തുക ലഭിച്ചില്ലെന്നും ഇതിനു ബ്രാൻഡ് അംബാസഡർക്ക് ഉത്തരവാദിത്തം ഉണ്ടെന്നും ചൂണ്ടികാട്ടിയായിരുന്നു തിരുവനന്തപുരം സ്വദേശി പരാതി നൽകിയത്. എന്നാൽ പരാതിക്കാരനും മോഹൻലാലും തമ്മിൽ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്നും ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മോഹൻലാൽ ചെയ്തത് എന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സേവനം നൽകാൻ സ്ഥാപനം വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ ഉപഭോക്തൃ സംരക്ഷണത്തിെല 21ാം വകുപ്പ് പ്രകാരം പരാതിക്കാർക്ക് ഉചിതമായ സ്ഥലത്ത് പരാതിപ്പെടാമെന്നും കോടതി വ്യക്തമാക്കി.


