പാലക്കാട്: പാലക്കാട് എം.എൽ.എ രാഹുൽ മാക്കൂട്ടത്തിൽ പീഡനക്കേസിൽ കസ്റ്റഡിയിൽ. പാലക്കാട് നഗരത്തിലെ ഹോട്ടലിൽ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുലിനെ പിടികൂടിയത്. രാഹുൽ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12 മണിക്ക് എത്തിയപ്പോഴാണ് വനിത പൊലീസ് ഉൾപ്പെടുന്ന സംഘം അറസ്റ്റ് ചെയ്തത്. മുറിയിലേക്ക് എത്തിയ പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്നു. ലൈംഗിക പീഡനം, ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
രാഹുലിന് എതിരെ നേരത്തെ ലഭിച്ച രണ്ട് പരാതികളിൽ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. പുതിയ പരാതിയിലാണ് അറസ്റ്റ്. അതീവരഹസ്യമായാണ് പോലീസ് എത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. തൃശ്ശൂരിലായിരുന്ന രാഹുൽ പാലക്കാട്ടേക്ക് തിരിച്ചെത്തിയത് രാത്രി 9 മണിക്കാണ്. പുതിയ പരാതി ലഭിച്ചതിന് പിന്നാലെ രാഹുലിന്റെ മുഴുവൻ സമയവും പോലീസ് നിരീക്ഷണത്തിലായിരുന്നു. രാഹുലിന് എതിരെ യുവതി നിർണ്ണായക തെളിവുകൾ നൽകിയതായും സൂചനയുണ്ട്.


