ഗ്രീൻലൻഡ് പിടിക്കാൻ സൈനിക നടപടി; നിർദ്ദേശം നൽകി ട്രംപ്, എതിർത്ത് യു.എസ് സൈന്യം

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ സൈന്യത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ. യു.എസ് സൈന്യത്തിലെ ജോയിന്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിനോടാണ് (JSOC) ഗ്രീൻലൻഡ് പിടിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ ട്രംപ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സൈനിക നടപടിയെന്ന നിർദ്ദേശത്തിനെ യു.എസ് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫും ശക്തമായി എതിർത്തു. നടപടി നിയമവിരുദ്ധമാണെന്നും ഇതിന് യുഎസ് കോൺഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്നുമാണ് സൈനിക മേധാവികളുടെ നിലപാട്. ഗ്രീൻലൻഡ് വിഷയത്തിൽ നിന്ന് ട്രംപിന്റെ ശ്രദ്ധ തിരിക്കാനായി റഷ്യൻ ‘ഗോസ്റ്റ്’ കപ്പലുകളെ തടയുന്നതിനെക്കുറിച്ചോ ഇറാനെതിരെ ആക്രമണം നടത്തുന്നതിനെക്കുറിച്ചോ ഉള്ള ചർച്ചകൾ സൈനിക ഉദ്യോഗസ്ഥർ നടത്തുന്നതായി സൂചനയുണ്ട്.

 

ട്രംപിന്റെ രാഷ്ട്രീയ ഉപദേശകൻ സ്റ്റീഫൻ മില്ലറുടെ നേതൃത്വത്തിലാണ് ഗ്രീൻലൻഡ് പിടിക്കാനുള്ള ആശയങ്ങൾ മുന്നോട്ടുവെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടിയ സൈനിക ഓപ്പറേഷന്റെ വിജയമാണ് ഇത്തരമൊരു നീക്കത്തിന് ഭരണകൂടത്തിന് പ്രേരണയായത്. റഷ്യയോ ചൈനയോ ഗ്രീൻലാൻഡിൽ ആധിപത്യം സ്ഥാപിക്കുന്നതിന് മുമ്പ് പ്രദേശം പിടിച്ചെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നാണ് വിശദീകരണം.

 

അതേസമയം, ട്രംപിന്റെ നിർദ്ദേശം അസംബന്ധമാണെന്നും ബലപ്രയോഗത്തിലൂടെയുള്ള ഏത് നീക്കവും നാറ്റോയുടെ തകർച്ചയിലേക്ക് നയിക്കുമെന്നും ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ മുന്നറിയിപ്പ് നൽകി. അത്യപൂർവ്വ ധാതുക്കളുടെ വൻ ശേഖരവും തന്ത്രപ്രധാനമായ സമുദ്ര പാതയിലെ സ്ഥാനവുമാണ് ഗ്രീൻലൻഡിനെ അമേരിക്കയുടെ ലക്ഷ്യമാക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *